മൂന്നാർ: മൂന്നാർ ടൗണിലെ മെയിൻ ബസാറിലെ പലചരക്ക് കടയിൽ കഴിഞ്ഞ ദിവസം ഒരു കത്ത് കിട്ടി. കടയുടമയെ പോലും അമ്പരിപ്പിച്ച ഒരു കത്തായിരുന്നു അത്. കടയുടമ പോലും മറന്ന പറ്റ് തുക വർഷങ്ങൾക്ക് ശേഷം തപാലിൽ അയച്ചിരിക്കുകയാണ് അജ്‌ഞാതനായ ഒരാൾ.
വർഷങ്ങൾക്ക് മുൻപ് കടയിൽ നിന്ന് 450 രൂപക്ക് സാധനം വാങ്ങിയതിന്റെ പറ്റ് തുക അന്ന് തരാൻ പറ്റാത്തതിന്റെ കാരണവും, വർഷങ്ങൾക്കിപ്പുറം ആ തുക പലിശ സഹിതം തിരിച്ചു നൽകികൊണ്ടുള്ളതുമായിരുന്നു കത്ത്. കടയുടമ കത്ത് തുറന്നപ്പോൾ രണ്ട് 500 രൂപയുടെ നോട്ടുകളും കത്തിനൊപ്പം ഉണ്ടായിരുന്നു.
കത്ത് ഇങ്ങനെ
‘ഞാൻ വർഷങ്ങൾക്ക് മുൻപ് താങ്കളുടെ സ്‌ഥാപനത്തിൽ നിന്നും കുറച്ചു പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ 450 രൂപ നൽകാനുണ്ടായിരുന്നു. ജീവിത സാഹചര്യങ്ങൾ കൊണ്ട് എനിക്ക് പണം നൽകാൻ കഴിഞ്ഞില്ല. ഞാനും കുടുംബവും അടുത്തിടെ പ്രാർഥിക്കുന്നതിനിടെ ലഭിച്ച ബൈബിൾ വാചകം എന്റെ ഹൃദയത്തെ ഏറെ സ്വാധീനിച്ചു. ഞാൻ നൽകാനുള്ള പണവും അതിന്റെ പലിശയിനത്തിൽ കുറച്ചു തുകയും ചേർത്ത് ഇതോടൊപ്പം അയക്കുന്നു. സാധനം വാങ്ങിയ ശേഷം ഇത്രയും വർഷമായിട്ടും പണം നൽകാതിരുന്നതിന് ക്ഷമാപണം’.
കത്തിൽ പേര് ഉൾപ്പടെയുള്ള വിവരങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാലും കടയുടമയ്‌ക്ക് ആളാരാണെന്ന് ഓർമയില്ല. എന്തായാലും ലഭിച്ച പണം മൂന്നാർ സുബ്രഹ്‍മണ്യ ക്ഷേത്രത്തിലേക്ക് സംഭാവനയായി നൽകാനാണ് കടയുടമയുടെ തീരുമാനം.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും