ന്യൂഡെല്‍ഹി: കൊലക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഗുസ്‌തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി. ഡെല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഡെല്‍ഹി പോലീസ് സുശീര്‍ കുമാറിനെ അന്വേഷിക്കുന്നത്.
അതേസമയം പക്ഷാപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടെന്നും സുശീല്‍ കുമാറിന്റെ അഭിഭാഷകന്‍ കോടതിയിൽ അറിയിച്ചു. എന്നാൽ സുശീല്‍ കുമാര്‍ വിദേശത്തേക്ക് കടക്കുമെന്ന് സംശയിക്കുന്നതായി ഡെല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മേയ് നാലിനായിരുന്നു സാഗറിന് മർദ്ദനമേറ്റത്. ആശുപത്രിയില്‍ ചികിൽസയിലിരിക്കെ അടുത്ത ദിവസം മരണപ്പെടുകയും ചെയ്‌തു. നിലവിൽ സുശീല്‍ കുമാര്‍ ഒളിവിലാണ്. സുശീല്‍ കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഡെല്‍ഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
Read Also: ബോധപൂർവം വിപ്ളവകരമായ മാറ്റങ്ങൾക്ക് സിപിഎം ശ്രമിക്കുകയാണ്; എംഎ ബേബി








































