കൊച്ചി: വധ ഗൂഢാലോചന കേസിൽ സ്വകാര്യ സൈബർ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ആവശ്യം. അന്വേഷണത്തിന്റെ പേരിൽ ക്രൈം ബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായുള്ള നീക്കം. അതേസമയം കേസിൽ പോലീസ് പീഡനമാരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹരജിയും സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതിനെ തുടർന്ന് ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായ് ശങ്കർ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫിസിൽ വച്ചും, ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
എന്നാൽ ദിലീപിന്റെ ഫോണിലെ സ്വകാര്യ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായ് ശങ്കർ വിശദീകരിക്കുന്നു. കേസിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും. ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാനുള്ള സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് കാരണമെന്നും സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.
Read Also: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് കോടതിയിൽ








































