കോഴിക്കോട്: വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്റെ ഭാര്യ എസ്സയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഐ മാക് കംപ്യൂട്ടർ വഴിയാണ് ഫോൺ വിവരങ്ങൾ മായ്ച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കൂടുതൽ തെളിവ് ശേഖരിക്കാൻ സായ് ശങ്കറിനൊപ്പം എസ്സയെയും കൊച്ചിയിൽ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്റെ ഫോണുകൾ.
എന്നാൽ ഈ ഫോണുകൾ കോടതിയ്ക്ക് കൈമാറുന്നതിന് മുൻപ് സ്വകാര്യ ഹാക്കർ സായ് ശങ്കറിന്റെ സഹായത്തോടെ വിവരങ്ങൾ നശിപ്പിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഐ ഫോൺ സായ് ശങ്കറിന്റെ ഐമാക് കംപ്യൂട്ടറിൽ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്.
ഈ ഐമാകിൽ സായ് ശങ്കർ ലോഗിൻ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാനാണ് എസ്സയെ ചോദ്യം ചെയ്തത്. തന്റെ ഐഡി വഴി സായ് ഐമാക് ഉപയോഗിച്ചിരിക്കാമെന്നാണ് എസ്സ മറുപടി നൽകിയത്. ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ ചില വിവരങ്ങൾ സായ് ശങ്കർ സ്വന്തം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
ഹാക്കറിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഫോണുകൾ, ഐപാഡ് എന്നിവ കസ്റ്റഡിയിലെടുത്ത് പരിശോധനക്ക് നൽകിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു. സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കോവിഡ് ലക്ഷണമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇയാൾ ഹാജരായിരുന്നില്ല.
Read Also: സിൽവർ ലൈൻ; ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല