ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കൊല്ലപ്പെട്ടത്.
രാജേന്ദ്രനും ജോസഫും തമ്മിൽ ഉണ്ടായ മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് ജോസഫ് കൊല്ലപ്പെടാൻ കാരണം. ജോസഫിന്റെ കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസനാളിയിൽ കയറി ശ്വാസതടസം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്. ജോസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനക്കായി കൊണ്ടുപോയി.
ഇടുക്കി ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽവെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് തന്നെയായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം നടന്നത്. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറിയ ജോസഫ്, രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. തന്നെ കടിച്ചു പരുക്കേൽപിച്ചശേഷം ജോസഫ് കടന്നുകളഞ്ഞെന്നാണ് രാജേന്ദ്രൻ പറയുന്നത്.
Most Read: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ