ബല്‍റാംപുര്‍: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍. ലലിത് മിശ്ര, കേശവാനന്ദ് മിശ്ര അധവാ റിങ്കു, അക്രം അലി എന്നിവരാണ് അറസ്‌റ്റിലായത്. മൂന്നുപേരും കൊലപാതക കുറ്റം സമ്മതിച്ചതായി ബല്‍റാംപുര്‍ പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പാണ് ഹിന്ദി ദിനപത്രത്തിലെ മാദ്ധ്യമ പ്രവര്‍ത്തകനായ രാകേഷ് സിംഗ് (45), സുഹൃത്ത് പിന്റു സാഹു (45) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാകേഷ് സിംഗിന്റെ വീട്ടിലെ മുറിയിലാണ് ഇരുവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. തീപിടത്തില്‍ ഇരുവരുടെയും ശരീരത്തിന് 90 ശതമാനം പൊള്ളലേറ്റിരുന്നു.
പ്രതികളിലൊരാളായ കേശവാനന്ദിന്റെ മാതാവ് ഗ്രാമത്തലവയാണ്. ഇവരുടെ കൈവശം വരുന്ന പണവുമായി ബന്ധപ്പെട്ട് രാകേഷ് സിംഗ് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംസാരിക്കാനെന്ന പേരില്‍ രാകേഷിന്റെ വീട്ടിലെത്തുകയും എല്ലാവരും ചേര്‍ന്ന് മദ്യം കഴിച്ചശേഷം മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയും ചെയ്‌തു. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചാണ് വീട് കത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.
Read also: വിവാഹത്തിന് മുൻപ് മതവും വരുമാനവും വ്യക്‌തമാക്കണം; പുതിയ നിയമവുമായി ആസാം