ഗുവാഹത്തി: ബിജെപി ഭരിക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ലവ് ജിഹാദിനെതിരായ നിയമങ്ങൾ നടപ്പിലാക്കുന്നതിനിടെ വേറിട്ട നിയമവുമായി ആസാം. വിവാഹത്തിന് ഒരു മാസം മുൻപ് ഔദ്യോഗിക രേഖയിൽ മതവും വരുമാനവും വെളിപ്പെടുത്തണമെന്നാണ് ആസാമിലെ ബിജെപി സർക്കാർ പറയുന്നത്.
സംസ്‌ഥാനത്തെ സഹോദരിമാരെ ശാക്‌തീകരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതെന്നാണ് ആസാം സർക്കാരിന്റെ വാദം. അടുത്തവർഷം ആസാമിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി നീക്കം. തിരഞ്ഞെടുപ്പിൽ വിജയം നേടാനാകുമെന്ന ആത്‌മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലേയും നിയമങ്ങൾ പോലെയല്ല ആസാമിലെ നിയമം. എന്നാൽ സമാനതകൾ ഉണ്ടാകുമെന്ന് മന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്‌തമാക്കി.
ആസാമിലെ നിയമം ലവ് ജിഹാദിന് എതിരെയല്ല. നിയമത്തിൽ എല്ലാ മതങ്ങളും ഉൾപ്പെടുകയും സുതാര്യതയിലൂടെ സഹോദരിമാരെ ശാക്‌തീകരിക്കുകയും ചെയ്യും. മതം മാത്രം വെളിപ്പെടുത്തിയാൽ പോര, വരുമാന സ്രോതസും വെളിപ്പെടുത്തണം. കുടുംബത്തിന്റെ പൂർണവിവരങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയും വെളിപ്പെടുത്തണം. ഒരേ മതക്കാർ തമ്മിലുള്ള വിവാഹങ്ങളിൽ പോലും പലപ്പോഴും പെൺകുട്ടികൾ വിവാഹശേഷം കബളിപ്പിക്കപ്പെടാറുണ്ട്. ഭർത്താവിന് നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് പിന്നീടാണ് പെൺകുട്ടി തിരിച്ചറിയുക, അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് തയാറെടുക്കുന്നവർ ഒരു മാസം മുൻപ് വരുമാനം, ജോലി, സ്‌ഥിര മേൽവിലാസം, മതം തുടങ്ങിയവ സർക്കാർ നിർദേശിക്കുന്ന ഫോമിൽ രേഖപ്പടുത്തണം. ഇതിന് തയാറാകാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ചു ദിവസം മുൻപാണ് ഉത്തർപ്രദേശ് സർക്കാർ ലവ് ജിഹാദ് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവന്നത്. ഇതോടെ വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം യുപിയിൽ കുറ്റകരമാകും. നിർബന്ധിത മതംമാറ്റവും യുപിയിൽ കുറ്റകരമായി കണക്കാക്കും.
Read also: എണ്ണവില; മധ്യപ്രദേശില്‍ റെക്കോര്‍ഡ് വര്‍ധന