ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ടി-20 ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. അസമിനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. അസം മുന്നോട്ടുവച്ച 122 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കേരളം മറികടന്നു. 56 റൺസെടുത്ത് പുറത്താവാതെ നിന്ന രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ വിജയ ശിൽപി.
മുഹമ്മദ് അസ്‌ഹറുദ്ദീൻ (24), സച്ചിൻ ബേബി (21 നോട്ടൗട്ട്) എന്നിവരും കേരള ഇന്നിംഗ്‌സിൽ നിർണായക സംഭാവനകൾ നൽകി. ക്യാപ്റ്റൻ സഞ്‌ജു സാംസൺ 14 റൺസെടുത്ത് പുറത്തായി.
ആദ്യം ബാറ്റ് ചെയ്‌ത അസം നിശ്‌ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടപ്പെടുത്തിയാണ് 121 റൺസ് നേടിയത്. പേസർ ബേസിൽ തമ്പിയുടെ തകർപ്പൻ ബൗളിംഗിന് മുന്നിൽ അസം തകർന്നടിഞ്ഞു.
4 ഓവറുകളിൽ വെറും 21 റൺസ് മാത്രം വിട്ടുനൽകിയ ബേസിൽ 3 വിക്കറ്റ് വീഴ്‌ത്തി. ജലജ് സക്‌സേന 4 ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി. ചെറിയ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം കൂടുതൽ വിക്കറ്റ് കൈവിട്ടു കളയാതെ അനായാസം ജയം നേടി.
Read Also: തിയേറ്ററിൽ ജനം എത്തുന്നില്ല; ‘മിഷൻ സി’ പിൻവലിക്കാൻ സംവിധായകന്റെ അഭ്യർഥന