തിരുവനന്തപുരം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല. ലീഗ് വർഗീയ പാർട്ടി ആണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഷ്‌ട്രീയത്തിൽ സ്‌ഥിരമായ ഒരു ശത്രു ഇല്ലെന്നും, ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
”ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗ്. പാർട്ടി രേഖകളിൽ ഒക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വർഗീയ പാർട്ടി ആണെന്നൊന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. വർഗീയ നിലപാട് സ്വീകരിക്കുന്നത് എസ്‌ഡിപിഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോൾ ഞങ്ങൾ ശക്‌തമായ ലീഗിനെയും വിമർശിച്ചിട്ടുണ്ട്”-എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കെപിസിസി പ്രസിഡണ്ടിന് ആർഎസ്എസിന്റെ നിലപാടാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഗവർണർ വിഷയത്തിൽ ലീഗും ആർഎസ്‌പിയും സർക്കാർ നിലപാടിനൊപ്പം നിന്നു. സർവകലാശാലകളിൽ കാവിവൽക്കരണത്തിനുള്ള ശ്രമമാണ്. വിഴിഞ്ഞം വിഷയത്തിൽ കൃത്യമായ നിലപാടാണ് ആദ്യം മുതൽ എൽഡിഎഫ് എടുത്തത്. എന്നാൽ, കലക്കവെള്ളത്തിൽ മീൻ പിടിക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നാൽ, അവിടെയും അവർക്ക് തിരിച്ചടി ഉണ്ടായെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
മൽസ്യ തൊഴിലാളികളുടെ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. കേന്ദ്ര സർക്കാരിന്റെ പല വിഷയത്തിലുമുള്ള നിലപാടുകൾ സംസ്‌ഥാനത്തിന് എതിരാണ്. സാമ്പത്തിക രംഗത്ത് ദോഷകരമായ ഇടപെടലാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. എന്നാൽ, യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിസഭയിലേക്ക് തിരികെ എടുക്കുന്നതിൽ നിലവിൽ തീരുമാനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെതിരെ രണ്ടു കേസാണ് ഉണ്ടായിരുന്നത്. അതിലൊന്ന് ഇല്ലാതായി. ഒന്നിൽ കോടതി വിധിയും വന്നു. ഇപ്പോൾ ഒരു കേസും അദ്ദേഹത്തിന്റെ പേരിലില്ല. മന്ത്രിസഭയിൽ എടുക്കുന്നതിൽ ആവശ്യമായ പരിശോധന നടത്തി തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പ്; നിയമസഭയിൽ വിമർശനവുമായി വിഡി സതീശൻ