അച്ഛൻ ആശുപത്രിയിൽ; പഠനം പ്രതിസന്ധിയിലായ വിദ്യാർഥിക്ക് സ്‌നേഹ തണലായി അധ്യാപിക

അച്ഛനെ അഡ്‌മിറ്റ്‌ ചെയ്‌ത തൃശൂർ മെഡിക്കൽ കോളേജ് ഐസിയുവിന് മുന്നിൽ ചുരുണ്ടുകൂടിയിരുന്ന അവിനാശിനെ സ്വന്തം വീട്ടിലേക്ക് കൂട്ടുകൊണ്ടുപോയാണ് അധ്യാപിക കൈത്താങ്ങായത്

By Trainee Reporter, Malabar News
shubha vartha
Ajwa Travels

തൃശൂർ: അച്ഛൻ ആശുപത്രിയിൽ ആയതിനെ തുടർന്ന് പഠനം പ്രതിസന്ധിയിലായ വിദ്യാർഥിക്ക് കൈത്താങ്ങായി അധ്യാപിക. തൃശൂർ വെള്ളാങ്കല്ലൂർ ഗവ.ജിയുപി സ്‌കൂളിലെ അധ്യാപിക ധന്യ മാർട്ടിനാണ് വിദ്യാർഥിയായ അവിനാശിന് സ്‌നേഹ തണലായി മാറിയത്. അച്ഛനെ അഡ്‌മിറ്റ്‌ ചെയ്‌ത തൃശൂർ മെഡിക്കൽ കോളേജ് ഐസിയുവിന് മുന്നിൽ ചുരുണ്ടുകൂടിയിരുന്ന അവിനാശിനെ സ്വന്തം വീട്ടിലേക്ക് കൂട്ടുകൊണ്ടുപോയാണ് അധ്യാപിക കൈത്താങ്ങായത്.

ദിവസങ്ങളായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിൽസയിലാണ് അവിനാശിന്റെ അച്ഛൻ പെരുമ്പടപ്പിൽ ശിവദാസൻ. സഹായത്തിനായി അമ്മ സുനിതയും ആശുപത്രിയിലാണ്. ഇതോടെ വീട്ടിൽ ഒറ്റക്കായ അവിനാശും ആശുപത്രിയിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. ശിവദാസന്റെ അസുഖം കൂടുന്നതിന് മുൻപ് സുനിത ആശുപത്രിയിൽ നിന്ന് ജോലിക്ക് പോകാനായി വെള്ളാങ്ങല്ലൂരിൽ വരുമ്പോൾ മകനെ സ്‌കൂളിൽ ആക്കുമായിരുന്നു, എന്നാൽ, ശിവദാസനെ ഐസിയുവിൽ പ്രവേശിച്ചപ്പോൾ ഇത് സാധിക്കാതായി.

വിവരം അറിഞ്ഞ് ശനിയാഴ്‌ച സ്‌കൂളിലെ പ്രധാനാധ്യാപിക എംകെ ഷീബ, ക്ളാസ് അധ്യാപിക ധന്യ, മറ്റൊരു അധ്യാപിക ഷീല എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. ഐസിയുവിന് മുന്നിൽ അവിനാശ് നിൽക്കുന്നത് കണ്ടു വിഷമം തോന്നിയ ധന്യ ടീച്ചർ അവനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ, അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാനുള്ള വിഷമം കാരണം അവിനാശ് ആദ്യം സമ്മതിച്ചില്ല.

എന്നാൽ, തിങ്കളാഴ്‌ച സുനിത ധന്യ ടീച്ചറെ വിളിക്കുകയും സ്‌കൂളിലെത്തി മകനെ ടീച്ചറുടെ കൈയിൽ ഏൽപ്പിച്ചു ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്‌തു. പിന്നീട് അവിനാശ് ധന്യ ടീച്ചറുടെ വീട്ടിലെ ഒരാളായി മാറുകയായിരുന്നു. ടീച്ചറുടെ മകനും കൂട്ടുകാരുമൊത്ത് അവിനാശ് വേഗത്തിൽ കൂട്ടുകൂടി. മുടങ്ങിപ്പോയ പഠനവും അവിനാശ് ആരംഭിച്ചിട്ടുണ്ട്.

വെൽഡിങ് തൊഴിലാളിയായ ശിവദാസന് കോവിഡിന് പിന്നാലെ ശ്വാസകോശ സംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു. സുനിത വീട്ടുജോലികൾക്ക് പോയാണ് ശിവദാസന്റെ ചികിൽസക്കും മകന്റെ പഠിത്തത്തിനും മറ്റു കാര്യങ്ങൾക്കും പണം കണ്ടെത്തുന്നത്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. വീട്ടുസാധനങ്ങൾ എല്ലാം ബന്ധുവിന്റെ വീട്ടിൽ വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് അസുഖം കൂടി ശിവദാസൻ ആശുപത്രിയിലാകുന്നത്.

Most Read: ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പ്; നിയമസഭയിൽ വിമർശനവുമായി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE