പാലക്കാട്: സ്‌കോളർഷിപ്പ് ഉൾപ്പെടെ മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കൾ പാലോളി കമ്മിറ്റി ചെയർമാൻ പാലോളി മുഹമ്മദ് കുട്ടിയെ കണ്ട് ചർച്ച നടത്തി, നിവേദനം സമർപ്പിച്ചു.
രാജ്യത്തെ മുസ്‌ലിം പിന്നാക്കാവസ്‌ഥ പഠിക്കാനായി നിയോഗിച്ച സച്ചാര്‍ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവൽകരിച്ചതും സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയതും.
പദ്ധതി വിഹിതം ഇപ്പോള്‍ ജനസംഖ്യാനുപാതികം ആക്കിയതോടെ സച്ചാര്‍ കമ്മീഷന്‍ റിപ്പോർട് കേരളത്തില്‍ അപ്രസക്‌തമാവുകയാണ്. മുസ്‌ലിം പിന്നാക്കാവസ്‌ഥ പരിഹരിക്കാനുള്ള പ്രത്യേക പദ്ധതികള്‍ പൂര്‍ണമായി നിലക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യാഘാതമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതുകൊണ്ട്, ഈ വിഷയത്തിൽ കേരള സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും അനുകൂല നിലപാടും ഉണ്ടാകുന്നതിന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത് കാര്യങ്ങളിൽ പരിഹാരം ഉണ്ടാക്കുമെന്ന് പാലോളി മുഹമ്മദ് കുട്ടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കളെ അറിയിച്ചു.
ഇതു സംബന്ധമായ ചർച്ചയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി ഷൗക്കത്ത് ഹാജി കോങ്ങാട്, ജില്ലാ സെക്രട്ടറി അലിയാർ മാസ്‌റ്റർ, എസ്‌വൈഎസ്‍ ജില്ലാ ഫിനാൻസ് സെക്രട്ടറി അബൂബക്കർ ആവണക്കുന്ന്, എസ്‌എസ്‌എഫ് സംസ്‌ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
വിഷയത്തിൽ ജില്ലയിലെ ഭരണപക്ഷ പാർട്ടി നേതാക്കളുടെ ഭാഗത്ത് നിന്നും ശക്‌തമായ ഇടപെടലുകള്‍ ഉണ്ടാവുന്നതിനായി പാലക്കാട് ജില്ലാ എൽഡിഎഫ് കൺവീനർ വി ചാമുണ്ണി, സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി വിജയൻ കുനിശ്ശേരി, കെപി സുരേഷ് രാജ്, മുൻ എംഎൽഎ നൗഷാദ് എന്നിവരെയും നേതാക്കൾ നേരിൽ കണ്ട് ചർച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്‌തു.
വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഇന്നും ഏറെ പിന്നിലായ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്‌ഥ പരിഹരിക്കുന്ന വിഷയത്തിൽ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയും അനുകൂല നിലപാടും ഉണ്ടാകുന്നതിന് ജില്ലയിലെ ഭരണപക്ഷ പാർട്ടി നേതാക്കളുടെ ഭാഗത്ത് നിന്ന് ശക്‌തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ ആവശ്യപ്പെട്ടു.
Most Read: വാളയാർ അമ്മയ്‌ക്കെതിരെ പോസ്‌റ്റ്; ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം







































