തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഫേസ്‌ബുക്കിൽ എഴുതിയതെല്ലാം ചർച്ചയാക്കുകയാണ്. പുകമറ സൃഷ്‌ടിച്ചു പാർട്ടിയെ കരിതേക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വരികൾക്കിടയിൽ വായിക്കാൻ കേരളത്തിലെ സാധാരണക്കാർക്കറിയാം. കള്ളപ്പണ പ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ജി ശക്‌തീധരന്റെ കൈതോലപ്പായ ആരോപണത്തിലാണ് സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പ്രതികരണം. ആദ്യമായിട്ടാണ് സിപിഎം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.
സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ടു ദിവസം ചിലവഴിച്ചു സമ്പന്നരിൽ നിന്ന് പണം കൈപ്പറ്റിയെന്നും അതിൽ രണ്ടു കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താൻ സാക്ഷിയാണെന്നുമാണ് ശക്‌തീധരൻ വെളിപ്പെടുത്തിയത്. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞു ഇന്നോവാ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും കാറിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, ശക്‌തീധരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹനാനാണ് ഡിജിപിക്ക് പരാതി നൽകിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് അന്വേഷണ ചുമതല.
Most Read: അപൂർവ നീക്കം; സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി ഗവർണർ