തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ പുതിയ വെളിപ്പെടുത്തലിൽ ശക്‌തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. ഇഡിക്കാണ് കേസ് അന്വേഷിക്കാൻ കഴിയുകയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമേ ഇഡി അന്വേഷിക്കൂ എന്നും വിമർശിച്ചു.
കേന്ദ്ര സർക്കാരിന്റെ ഉപകരണമാണ് ഇഡി. കൊടകര കുഴൽപ്പണക്കേസ് കള്ളപ്പണത്തിന്റെ ഒരംശം മാത്രമാണ്. ബിജെപി ഓഫീസിൽ കോടിക്കണക്കിന് രൂപ എത്തിച്ചതിനെ പറ്റിയാണ് വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. അക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. കേരള പോലീസിന് അന്വേഷിക്കാൻ പരിമിതികൾ ഉണ്ടെന്നും അന്വേഷണം നടത്തേണ്ടത് ഇഡിയാണെന്നും ഗോവിന്ദൻ പറഞ്ഞു. എന്നാൽ, ബിജെപിയുടെ കള്ളപ്പണക്കേസ് ഇഡി കണ്ടമട്ട് നടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ