കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എംവി ജയരാജൻ മൽസരിക്കും. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തീരുമാനം റിപ്പോർട് ചെയ്തു. തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം എംവി ജയരാജൻ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. പകരം ചുമതല ആർക്ക് നൽകുമെന്നതിൽ ധാരണയായില്ല.
വടകര മണ്ഡലത്തിൽ കെകെ ശൈലജയും കാസർഗോഡ് എംവി ബാലകൃഷ്ണനും സ്ഥാനാർഥിയാകും. കൊല്ലം ലോക്സഭാ മണ്ഡലത്തിലേക്ക് സിറ്റിങ് എംഎൽഎയും നടനുമായ എം മുകേഷിന്റെ പേര് നിർദ്ദേശിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പത്തനംതിട്ടയിൽ മുൻമന്ത്രി ടിഎം തോമസ് ഐസക്കിനാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ പിന്തുണ. ഞായറാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിക്ക് ശേഷം നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
ആലപ്പുഴയിൽ സിറ്റിങ് എംപി എഎം ആരിഫ് തന്നെ മൽസരിക്കും. പാലക്കാട്ട് എ വിജയരാഘവനും ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനും മൽസരിക്കാനാണ് സാധ്യത. കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീമും മൽസരിക്കും. എറണാകുളത്തും ചാലക്കുടിയിലും മലപ്പുറത്തെ രണ്ടു മണ്ഡലങ്ങളിലും ഇനിയും ധാരണയായില്ല. അന്തിമതീരുമാനം 21ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും. പൊളിറ്റ് ബ്യൂറോ അംഗീകാരത്തോടെ 27ന് പട്ടിക പ്രഖ്യാപിക്കും.
Most Read| പുൽപ്പള്ളി പ്രതിഷേധം; കടുത്ത നടപടിക്ക് പോലീസ്- ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും








































