ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിയോട് ഉടൻ ഡെൽഹിയിലെത്തണമെന്ന് നരേന്ദ്രമോദി നേരിട്ട് വിളിച്ച് അറിയിച്ചു. എത്രയും പെട്ടെന്ന് ഡെൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും, നരേന്ദ്രമോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി നേതൃത്വം ഡെൽഹിയിലാണ് എല്ലാ കാര്യങ്ങളും നിശ്‌ചയിക്കുന്നത്. അവിടെ ചെന്നാലേ എന്തെങ്കിലും പറയാൻ കഴിയൂ എന്നും സുരേഷ് ഗോപി വിമാനത്താവളത്തിൽ വെച്ച് പ്രതികരിച്ചു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കാൻ സുരേഷ് ഗോപി തിരുവനന്തപുരത്ത് നിന്നും ഡെൽഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ രാധികയും ഒപ്പമുണ്ട്.
സുരേഷ് ഗോപിക്ക് കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്‌ഥാനമോ ലഭിക്കുമെന്നാണ് സൂചന. എന്നാൽ, നാല് സിനിമകളിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതിനിടെ, ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്‌ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഇന്ന് വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കും. സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി, നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്‌ഘട്ടിലെത്തി പുഷ്‌പാർച്ചന നടത്തി. അമിത് ഷാ, നിതിൻ ഗഡ്‌കരി, രാജ്‌നാഥ് സിങ് എന്നിവരെ ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. പ്രഹ്ളാദ് ജോഷിക്കും ജിതിൻ റാം മാഞ്ചിക്കും മന്ത്രിസ്‌ഥാനം നൽകും.
എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്‌ഞ ഇന്നുണ്ടാകില്ല. ഒരുഘട്ടം കൂടി സത്യപ്രതിജ്‌ഞ ഉണ്ടാകുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്‌ഞാ ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം 35ഓളം മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രി സ്‌ഥാനത്തേക്ക് റാം മോഹൻ നായിഡുവിന്റെയും ചന്ദ്രശേഖർ പെമ്മസാനിയുടെയും പേര് ടിഡിപി സ്‌ഥിരീകരിച്ചിട്ടുണ്ട്.
Most Read| നാല് ഇസ്രയേലികളെ മോചിപ്പിച്ചു; സൈനിക നീക്കത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു







































