ന്യൂഡെൽഹി: മൂന്നാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ, ആറുപേർക്ക് സ്വതന്ത്ര ചുമതല, 36 പേർ സഹമന്ത്രിമാർ.
രാഷ്‌ട്രത്തലവൻമാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്‌ടാതിഥികളും അടക്കം 8000ത്തോളം പേർ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിന് സാക്ഷിയായി. ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്രമോദി. ഇന്ന് രാവിലെ രാജ്ഘട്ടും യുദ്ധ സ്‍മാരകവും അടൽബിഹാരി വാജ്പേയുടെ സ്‌മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്‌ഞക്ക് എത്തിയത്.
നരേന്ദ്രമോദിയെ രാഷ്‌ട്രപതി 7.23ന് സത്യപ്രതിജ്‌ഞക്കായി ക്ഷണിച്ചു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്‌ഞ ചെയ്‌തത്. സത്യവാചകം പൂർത്തിയായപ്പോൾ സദസിൽ നിന്ന് കരഘോഷാരവം ഉയർന്നു. മുതിർന്ന നേതാവ് രാജ്‌നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്‌ഞ ചെയ്‌തു. മൂന്നാമതായി അമിത് ഷായും നിതിൻ ഗഡ്‌കരിയും സത്യപ്രതിജ്‌ഞ ചെയ്‌തു. പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും മന്ത്രിസഭയിൽ ഇടംപിടിച്ചു.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ളിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡണ്ട് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡണ്ട് റെനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി.
അംബാനി കുടുംബവും നടൻ ഷാരൂഖ് ഖാനും അടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യാ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ