ഇടുക്കി: നരിയംപാറയിലെ പീഡനക്കേസ് പ്രതി മനു മനോജിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന് ആരോപണം. പ്രതിയുടെ അച്ഛനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
മനുവും ആത്‍മഹത്യ ചെയ്‌ത പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും പ്രായപൂർത്തിയായാൽ കല്യാണം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിച്ചതാണെന്നും മനുവിന്റെ അച്ഛൻ മനോജ് പറയുന്നു. കേസിന് പിന്നിൽ പെൺകുട്ടിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്‌ഥനാണെന്നും മനോജ് പറഞ്ഞു.
രണ്ട് കുട്ടികളുടെ ജീവൻ എടുത്തത് ബിജെപിയുടെ രാഷ്‌ട്രീയക്കളിയാണെന്ന് മനോജ് പറഞ്ഞു. ഇവർക്കെതിരെ ബിജെപിയുടെ നവമാദ്ധ്യമങ്ങളിലെ പ്രചാരണത്തിൽ മനം നൊന്താണ് പെൺകുട്ടി ആത്‌മഹത്യ ചെയ്‌തതെന്നും മനോജ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും മനോജ് വ്യക്‌തമാക്കി.
കഴിഞ്ഞ മാസം 23നാണ് പീഡനത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് കുട്ടി മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി മനുവിനെ പോലീസ് പിടികൂടുകയായിരുന്നു. പിന്നീടാണ് മനുവിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
റിമാൻഡിൽ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയിൽപെട്ട ജീവനക്കാർ നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം. മരിച്ച മനു മനോജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും.







































