ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് സിപിഎം. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വായ്‌പ എടുത്ത അഞ്ചുലക്ഷം രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്നത്.
2019ൽ ആകെയുള്ള 14 സെന്റ് സ്‌ഥലം പണയപ്പെടുത്തിയാണ് കുടുംബം വായ്‌പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ, കുട്ടിയുടെ കൊലപാതകത്തോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശിക ഉൾപ്പടെ ഏഴ് ലക്ഷം രൂപ ബാധ്യതയായി വന്നു. ഈ തുകയാണ് സിപിഎം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ 31ന് എത്തി തുക കൈമാറുമെന്ന് സിപിഎം പീരുമേട് ഏരിയ കമ്മിറ്റി അറിയിച്ചു.
അതേസമയം, ഇവരുടെ വീട് പണിയും പാതിവഴിയിലാണ്. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ അടക്കിയിരിക്കുന്നത്. വീട് പണി പൂർത്തിയാക്കണമെങ്കിൽ നാല് ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിന് ആവശ്യമായ സഹായം നൽകാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, കേസിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) വിചാരണ കോടതി വെറുതെവിട്ട വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വീകരിച്ചിരുന്നു. കേസിൽ വിചാരണ കോടതി കുറ്റവിമുക്‌തനാക്കിയ അർജുന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹരജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Most Read| പഞ്ചാബിൽ പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും