കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. അസി. പോലീസ് കമ്മീഷണർ ടികെ രത്‌നകുമാർ, ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരി എന്നിവർ കളക്‌ടറുടെ ക്യാമ്പ് ഓഫീസിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്‌ടറുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്‌തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്‌ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയെ രക്ഷിക്കാൻ കളക്‌ടർ കൂട്ടുനിൽക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അരുൺ കെ വിജയനെതിരായ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിന് പിന്നാലെയാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ വകുപ്പുതല അന്വേഷണത്തിലും കളക്‌ടർ സമാന മൊഴി നൽകിയിരുന്നു. എന്നാൽ, നവീൻ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്‌ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇത്തരമൊരു പരാമർശം ഉണ്ടായിരുന്നില്ല. ഒക്‌ടോബർ 22ന് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ മിക്കതും കളക്‌ടർ ഇത്തവണത്തെ മൊഴിയെടുപ്പിലും ആവർത്തിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ മഞ്‌ജുഷ നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതി നിർദ്ദേശം. അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലവും നൽകണം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇൻസ്‌പെക്‌ടർക്കാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശം നൽകിയത്. സിബിഐക്ക് നോട്ടീസ് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!