കൊച്ചി: എറണാകുളത്ത് പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്‌ളൈഡർ തകർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്യോഗസ്‌ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബിഹാർ സ്വദേശി സുനിൽ കുമാർ എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഇരുവരും മരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിക്കാൻ പ്രത്യേക ബോർഡിനെ നിയോഗിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാവികസേനയുടെ ഗ്‌ളൈഡർ തകർന്ന് വീണത്. നാവിക സേനയുടെ ക്വാർട്ടേഴ്‌സിൽ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. നാവികസേന ആസ്‌ഥാനത്തിന് സമീപം തോപ്പുംപടി ബിഒടി പാലത്തിന് അടുത്തുള്ള നടപ്പാതയിലേക്കാണ് ഗ്‌ളൈഡർ തകർന്ന് വീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Also Read: തടഞ്ഞു നിർത്തി, കുർത്തയിൽ പിടിച്ചു വലിച്ചു; ഹത്രാസിൽ പ്രിയങ്കയെ തടഞ്ഞത് പുരുഷ പോലീസ്
രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന, പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡർ. അപകടത്തിൽ പെട്ട ഗ്ലൈഡർ സംഭവ സ്‌ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്.





































