തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭസ്‌ഥശിശു മരിച്ച സംഭവത്തിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. ബിന്ദു സുന്ദറിന് വീഴ്‌ചയെന്ന് റിപ്പോർട്. സിസേറിയൻ ചെയ്യുന്നതിൽ വീഴ്‌ചയുണ്ടായി. കുട്ടിക്ക് വളർച്ച കുറവായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
മെഡിക്കൽ കോളേജ് ജിഎസ്‌ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘമാണ് അന്വേഷണം നടത്തിയത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌തിരുന്നു. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ എൻകെ. നിരജ്‌ഞന കൃഷ്‌ണന്റെയും ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 2.30ന് പ്രസവ ശസ്‌ത്രക്രിയയ്‌ക്കിടെ മരിച്ചത്.
കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് അയക്കാൻ നടപടി ആരംഭിച്ചതോടെ പ്രതിഷേധം കനയ്‌ക്കുകയായിരുന്നു. ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌ത ശേഷം തുടർനടപടികളിലേക്ക് കടന്നാൽ മതിയെന്ന് രക്ഷിതാക്കൾ നിലപാട് എടുത്തതോടെ ആശുപത്രി അധികൃതർ വെട്ടിലായി.
ഇതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചു. രക്ഷിതാക്കളുടെ സമ്മർദ്ദത്തിനും സംഘടനകളുടെ ശക്‌തമായ പ്രതിഷേധത്തിനും ശമനം വരുത്താൻ ഡോക്‌ടറെ സ്‌ഥലം മാറ്റുന്നതായി പ്രഖ്യാപിച്ചു. എന്നിട്ടും പ്രതിഷേധക്കാർ അയഞ്ഞില്ല. ഡോ. ബിന്ദുവിന് രണ്ടുതവണ 5000 രൂപ വീതം നൽകിയെന്ന് കുഞ്ഞിന്റെ പിതാവ് ബിനിൽ മനോഹർ ആരോപിച്ചു. ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവ് എത്തിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.
Most Read| ജിസിഡിഎ തർക്കം പരിഹരിച്ചു; നാളെ കൊച്ചിയിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് കളിക്കും






































