പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. ഒളിമ്പിക്‌സ് പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. രണ്ടാം റൗണ്ടിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്‌ഥാനത്തേക്ക് എത്തിയത്. നീരജിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്. പക്ഷേ, 90 മീറ്ററെന്ന സ്വപ്‌ന ദൂരത്തിലെത്താൻ താരത്തിന് സാധിച്ചില്ല.
രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ പാക് താരം അർഷദ് നദീമിനാണ് ജാവലിൻ ത്രോയിൽ സ്വർണം. ഒളിമ്പിക്‌സ് റെക്കോർഡ് ദൂരം പിന്നിട്ടാണ് അർഷദ് രണ്ടാം അവസരത്തിൽ സ്വർണം നേടിയത്. നീരജ് ചോപ്രയുടെ മറ്റു ശ്രമങ്ങളെല്ലാം ഫൗളായിരുന്നു. ആദ്യ ശ്രമം ഫൗളായ അർഷദ് നദീം രണ്ടാം അവസരത്തിലാണ് ഞെട്ടിക്കുന്ന പ്രകടനം നടത്തിയത്. 92.97 മീറ്റർ എറിഞ്ഞ് പാക് താരം ഒളിമ്പിക്‌സ് റെക്കോർഡിട്ടു.
മൂന്നാം ചാൻസിൽ അർഷദ് 88.72 മീറ്റർ പിന്നിട്ടു. ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം എട്ട് താരങ്ങൾ അവസാന റൗണ്ടുകളിൽ കടന്നു. 88.54 മീറ്റർ ദൂരം എറിഞ്ഞ ഗ്രനാഡ താരം ആൻഡേഴ്‌സൻ പീറ്റേഴ്‌സിനാണ് വെങ്കല മെഡൽ. ഒളിമ്പിക്‌സിൽ രണ്ട് വ്യക്‌തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര. പിവി സിന്ധു (ബാഡ്‌മിന്റൺ), സുശീൽ കുമാർ (റെസ്‌ലിങ്), മനു ഭാക്കർ (ഷൂട്ടിങ്) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി