ന്യൂഡെൽഹി: നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവെച്ചതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കൗൺസലിങ് ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു. ഇന്ന് മുതലാണ് കൗൺസലിങ് ആരംഭിക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സുപ്രീം കോടതിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ഹരജികൾ വന്നിരുന്നു. ഇതിൽ നീറ്റ് യുജി കൗൺസലിങ് മാറ്റിവെക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. എന്നാൽ, വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് ഇത് മാറ്റിവെക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്.
എന്നാൽ, വീണ്ടും ഇതുസംബന്ധിച്ചു ഹരജികൾ വന്നു. ഇത് കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് നീറ്റ് യുജി കൗൺസലിങ് മാറ്റിവെക്കാൻ എൻടിഎ തീരുമാനമെടുത്തത്. അതിനിടെ, മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി എൻടിഎ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പരീക്ഷ ഓഗസ്‌റ്റ് 11ന് നടത്തുമെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. രണ്ടു ഷിഫ്റ്റായാണ് പരീക്ഷ നടക്കുക.
മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 23നാണ് നടത്താൻ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷാ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് വിശദീകരിച്ചത്.
Most Read| ‘സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്‌ട്രീയം കലർത്തേണ്ട’; തൃശൂർ മേയർ







































