ന്യൂഡെൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. 24 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ ആശങ്കയിലാക്കിയ കേസാണ് നിർണായക ഘട്ടത്തിലെത്തിക്കുന്നത്.
നേരത്തെ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് അറസ്‌റ്റിലായവർക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും സിബിഐ പരിശോധിക്കുന്നുണ്ട്. ഹസാരിബാഗിലെ വിദ്യാലയത്തിൽ നിന്ന് ചോർന്ന ചോദ്യപേപ്പർ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചതെന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്.
മേയ് അഞ്ചിന് നടക്കാനിരുന്ന പരീക്ഷയുടെ ഒമ്പത് സെറ്റ് ചോദ്യപേപ്പറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി രണ്ടുദിവസം മുമ്പാണ് എസ്ബിഐയുടെ ശാഖയിൽ എത്തിയത്. അവിടെ നിന്ന് പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് രണ്ടു സെറ്റ് ചോദ്യപേപ്പറുകൾ കൊണ്ടുപോയി.
എന്നാൽ, സ്‌കൂളിൽ എത്തുമ്പോഴേക്കും സീൽ പൊട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്‌തമായി. ജില്ലയിലെ മുഴുവൻ മെഡിക്കൽ പ്രവേശന പരീക്ഷയുടെയും കോ- ഓർഡിനേറ്ററായിരുന്ന ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പലും എൻടിഎ നിരീക്ഷകനുമായ ഇംതിയാസ് ആലം, പ്രാദേശിക പത്രപ്രവർത്തകൻ ജലാലുദ്ദീൻ എന്നിവരെ ജൂൺ 29ന് സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു.
ബിഹാറിൽ നിന്ന് കത്തിയ നിലയിൽ കണ്ടെത്തിയ ചോദ്യപേപ്പറിൽ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലെ പേപ്പറിന്റെ അതേ കോഡ് ഉണ്ടായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ 11 പേരാണ് അറസ്‌റ്റിലായത്. അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി