
ന്യൂഡെൽഹി: ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിന്റെ പേരില്‍ പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ട്. ഈപ്രശ്‌നത്തെ നേരിടാനാണ് ആധാര്‍ ആപ്പ് കേന്ദ്രം പുറത്തിറക്കുന്നത്. ആധാർ വിവരങ്ങള്‍ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും അനുവദിക്കുന്നതാണ് ആപ്.
ആപില്‍ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡോ അതിന്റെ പകര്‍പ്പോ കയ്യില്‍ കൊണ്ടുനടക്കേണ്ടതിന്റെ ബുദ്ധിമുട്ട് ഇല്ലാതാകും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവാണ് ചൊവ്വാഴ്‌ച ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഡിജിറ്റല്‍ നവീകരണത്തിന്റെ പ്രാധാന്യത്തോടൊപ്പം, ആധാര്‍ പരിശോധന എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാനും കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ഒരു നീക്കമെന്നാണ് പുതിയ ആപ്പിനെ മന്ത്രി വിശേഷിപ്പിച്ചത്.
ആപ്പിൽ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ്‌ഐഡിയും, നിര്‍മിത ബുദ്ധിയും (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തിനാണ് ഇത് എത്തിയിരിക്കുന്നത്. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പഠിക്കുന്നതിനുള്ള പതിപ്പാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ സെലെക്ട്ടീവായ ചിലർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ആധാര്‍ സംവാദ് പരിപാടിയില്‍ എത്തിയവര്‍ക്ക് അടക്കമാണ് ഈ ഘട്ടത്തില്‍ ആപ്പ് പരീക്ഷിക്കാന്‍ നല്‍കിയിരിക്കുന്നത് എന്ന് ഹിന്ദുസ്‌ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആധാര്‍ ആപ് താമസിയാതെ എല്ലാ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്‌താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഫോണില്‍ വെറുതെ ഒന്ന് ടാപ്പ് ചെയ്‌ത് വേണ്ട വിവരങ്ങള്‍ മുഴുവന്‍ കൈമാറാന്‍ ആധാര്‍ ഉടമകള്‍ക്ക് കഴിയുന്ന രീതിയിലാണ് ആപ്പ് വികസിപ്പിക്കുന്നതെന്ന് മന്ത്രി പറയുന്നു.
യുപി ഐ പേമെന്റ് നടത്തുന്നത്ര ലളിതമായി ആധാര്‍ വേരിഫിക്കേഷനും ഇനി നടത്താം. തങ്ങളുടെ സ്വകാര്യത നിലനിര്‍ത്തുകയും ചെയ്യാം, മന്ത്രി പറയുന്നു. ആധാര്‍ ഉടമ വേരിഫിക്കേഷന്‍ നടത്തേണ്ടിടത്ത് വച്ചിരിക്കുന്ന ഒരു ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌താൽ മാത്രം മതിയാകും. ബാക്കി കാര്യങ്ങളെല്ലാം ആപ്പ് ചെയ്‌തോളും. എന്നാല്‍, ഉറപ്പാക്കാനായി ആധാര്‍ നല്‍കുന്ന വ്യക്‌തി തന്റെ ഫോണിന്റെ ഫെയ്‌സ് ഐഡിയോ, ഫിങ്ഗര്‍പ്രിന്റ് സ്‌കാനറോ ഉപയോഗിക്കേണ്ടതായും വരും.
വളരെ കുറച്ച് ആവശ്യങ്ങള്‍ക്കേ ആധാര്‍ കാര്‍ഡ് നമ്പര്‍ കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുള്ളു. പാന്‍കാര്‍ഡ് എടുക്കാന്‍, ചില കേന്ദ്ര സ്‌കീമുകള്‍ക്ക്, അടുത്തിടെയായി പുതിയ സിം കാര്‍ഡ് എടുക്കാന്‍ തുടങ്ങി ചില കാര്യങ്ങള്‍ക്കു മാത്രം. എന്നാല്‍, മിക്ക ഇടത്തും ആധാര്‍ കാര്‍ഡ് നമ്പറും കോപ്പിയും ചോദിക്കുന്ന രീതിയുണ്ട് ഇന്ത്യയിലിപ്പോള്‍. ഇത് നിയമവിരുദ്ധമാണ്. സുപ്രീം കോടതി വിലക്കിയിട്ടുമുണ്ട്. ബയോ മെട്രിക് വിവരങ്ങൾ ഉൾകൊള്ളുന്ന ആധാര്‍ കാര്‍ഡ് ദുരുപയോഗം ഉണ്ടാകാന്‍ ഇടവരുത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് സുപ്രീം കോടതി സ്വകാര്യ ഇടങ്ങളിൽ ഇത് വിലക്കിയിട്ടുള്ളത്.
ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ ട്വിറ്ററിലും, ഫേസ്ബുക്കിലും ഒക്കെ പോസ്‌റ്റ് ചെയ്യരുതെന്നും ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡിജിറ്റല്‍ സാക്ഷരത തീര്‍ത്തും ഇല്ലാത്തവര്‍ ആധാര്‍ നമ്പറും കോപ്പിയും ആരു ചോദിച്ചാലും നല്‍കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട്. ഇതിനൊക്കെ പരിഹാരമാകാനാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആപ്പ് എല്ലാവര്‍ക്കുമായി എത്തിക്കുന്നത്. ഇത് എല്ലാവരുടെയും കൈകളിൽ എത്തുന്നതോടെ ആധാർ ഡാറ്റ ദുരുപയോഗം ചെയ്യുന്ന രീതി പരിഹരിക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
TECHNOLOGY | നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരും; സുന്ദർ പിച്ചൈ