തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർണായക യോഗം മാറ്റിവെച്ചു. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവിന് കത്തയച്ചതോടെയാണ് യോഗം മാറ്റിവെച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് യോഗം മാറ്റിവെച്ചതായി അറിയിപ്പ് വന്നത്. എന്നാൽ, ഇതറിയാതെ യോഗത്തിൽ പങ്കെടുക്കാൻ കേരള സർക്കാരിന്റെ ജലസേചന വകുപ്പിന് കീഴിലെ രൂപകൽപ്പന, ഗവേഷണ വിഭാഗം ചീഫ് എൻജിനിയർ പ്രിയേഷ്, ഡയറക്ടർ ശ്രീദേവി എന്നിവർ ഡെൽഹിയിലെത്തി.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ ഏത് നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീം കോടതി വിധിക്കെതിരാവുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി. അത് മറികടന്ന് തീരുമാനമെടുത്താൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് അടിയന്തിര യോഗം മാറ്റിവെക്കാൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന.
പഴയ അണക്കെട്ട് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിർമിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ച് നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും അണക്കെട്ടിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷയുമാണ് കേരളം പ്രധാനമായും യോഗത്തിൽ ചൂണ്ടിക്കാട്ടാനിരുന്നത്.
സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള പെരിയാർ ടൈഗർ റിസർവ് സോണിലാണ് പുതിയ അണക്കെട്ട് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിലാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കാറ്റഗറി ‘എ’ പ്രകാരം മുൻകൂട്ടി പരിസ്ഥിതി അനുമതി ആവശ്യമാണ്. അനുമതി ലഭിക്കാൻ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!