കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ. നിയമലംഘനങ്ങൾക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പടെ കടുത്ത ശിക്ഷ ലഭിക്കുന്ന പുതിയ നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യുന്നത് നിയന്ത്രിക്കും.
1976ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച നിയമമാണ് പ്രാബല്യത്തിൽ വന്നത്. ഏപ്രിൽ 22 മുതൽ 12 കുറ്റങ്ങൾക്ക് ഡ്രൈവർമാരെ അറസ്‌റ്റ് ചെയ്യാൻ ഏത് വിഭാഗത്തിലുള്ള പോലീസിനും അനുമതി നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ വർധിപ്പിക്കാനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്‌തമാക്കി.
ഇവയാണ് 12 കുറ്റങ്ങൾ
1. മദ്യം, ലഹരിമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്‌തുക്കളുടെ സ്വാധീനത്തിൽ മോട്ടോർ വാഹനം ഓടിക്കുക.
2. മരണത്തിനോ, പരിക്കിനോ കാരണമാകുന്ന വാഹനാപകടം.
3. റെഡ് സിഗ്‌നൽ ക്രോസ് ചെയ്യുക.
4. ഒരു വ്യക്‌തിയുടെ സുരക്ഷയെ അപകടപ്പെടുത്തി, അപകട സ്‌ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക, വാഹനം നിർത്താതെ പോലീസ് ഉദ്യോഗസ്‌ഥൻ നൽകുന്ന ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ.
5. നിശ്‌ചയിച്ചിരുന്ന വേഗപരിധി കടന്ന് 50 കിലോമീറ്ററിലധികം സ്‌പീഡിൽ വാഹനം ഓടിക്കുക.
6. നിരോധിത പ്രദേശങ്ങളിൽ ബഗ്ഗി പോലുള്ള വാഹനം ഓടിക്കുക.
7. ട്രാഫിക് നിയമങ്ങൾ ലംഘിച്ചു പെർമിറ്റ് ഇല്ലാത്ത പൊതു റോഡുകളിൽ മോട്ടോർ വാഹന മൽസരത്തിൽ പങ്കെടുക്കുക.
8. അനുവദിച്ചിട്ടില്ലാത്ത ആവശ്യത്തിനായി ഒരു വാഹനം ഉപയോഗിക്കുക.
9. ആവശ്യമായ പെർമിറ്റ് ഇല്ലാതെ തുക വാങ്ങി യാത്രക്കാരെ (കള്ളടാക്‌സി) കൊണ്ടുപോവുക.
10. അശ്രദ്ധമായി വാഹനമോടിക്കുക വഴി ഡ്രൈവർ, യാത്രക്കാർ അല്ലെങ്കിൽ മറ്റുള്ളവർക്കും അവരുടെ സ്വത്തിനും അപകടമുണ്ടാക്കുന്നത്.
11. സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തത്. സസ്‌പെൻഡ് ചെയ്‌തതോ റദ്ദാക്കിയതോ ആയ ലൈസൻസ് ഉപയോഗിക്കുക.
12. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നൽകുന്ന ലൈസൻസ് നമ്പർ പ്ളേറ്റുകൾ ഇല്ലാതെ വാഹനം ഓടിക്കുക.
പിഴ/ ശിക്ഷ
1. അശ്രദ്ധമായി വാഹനമോടിക്കുക, റെഡ് സിഗ്‌നൽ മറികടക്കുക, റോഡിൽ മൽസരയോട്ടം നടത്തുക എന്നീ കുറ്റങ്ങക്ക് 150 ദിനാർ വീതം പിഴ ഈടാക്കും. കേസ് കോടതിയിലെത്തിയാൽ 600 ദിനാർ മുതൽ 1000 ദിനാർ വരെ പിഴയും മൂന്നുവർഷം തടവും ലഭിച്ചേക്കാം.
2. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 മുതൽ 300 ദിർഹം വരെ പിഴ. മൂന്നുമാസം തടവ്.
3. ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ് ദുരുപയോഗം ചെയ്‌താൽ 150 ദിനാർ മുതൽ 1000 ദിനാർ വരെ പിഴ. മൂന്നുവർഷം വരെ തടവ്.
4. ലൈസൻസില്ലാതെ വാഹനമോടിക്കുക, റദ്ദാക്കിയ ലൈസൻസോ തെറ്റായ ലൈസൻസോ ഉപയോഗിച്ച് വാഹനമോടിച്ചാൽ 75 ദിനാർ മുതൽ 300 ദിനാർ വരെ പിഴ. മൂന്നുമാസം വരെ തടവ്.
5. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാറും നിരോധിത സ്‌ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്‌താൽ 15 ദിനാറും പിഴ നൽകേണ്ടിവരും. വാഹനവുമായി റോഡിൽ അഭ്യാസപ്രകടനം നടത്തുന്നവർക്ക് തടവിനും പിഴയ്‌ക്കും പുറമെ നിശ്‌ചിതകാല സാമൂഹിക സേവന പ്രവർത്തനവും നിർബന്ധമാക്കും.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ