ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് അറസ്‌റ്റിലായത്. പഹൽഗാമിൽ നിന്നാണ് ഇരുവരെയും എൻഐഎ പിടികൂടിയത്.
ആക്രമണ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ ഇവർ എൻഐഎയ്‌ക്ക് കൈമാറിയതായാണ് വിവരം. ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള പാക്കിസ്‌ഥാൻ പൗരരാണ് ഇവരെന്ന് എൻഐഎ സ്‌ഥിരീകരിച്ചു. ആക്രമണത്തിന് മുൻപ് പർവേസും ബാഷിറും ബൈസരൺ താഴ്‌വരയിലെ ഹിൽ പാർക്കിലെ താൽക്കാലിക കുടിലിൽ ഭീകരർക്ക് ഒളിച്ചിരിക്കാൻ അവസരമൊരുക്കി.
അവർക്കാവശ്യമുള്ള ഭക്ഷണവും മറ്റു സഹായങ്ങളും ഇവർ നൽകിയതായും എൻഐഎ കണ്ടെത്തി. യുഎപിഎയുടെ 19ആം വകുപ്പ് പ്രകാരമാണ് ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എൻഐഎ അറിയിച്ചു. ഏപ്രിൽ 22നാണ് 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നത്.
വിനോദസഞ്ചാരികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്‌ഥാനാണെന്ന് തിരിച്ചറിഞ്ഞതോടെ മേയ് ഏഴിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു. പാകിസ്‌ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഇതിന് പിന്നാലെ മേയ് പത്തിന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ