പൊന്നാനി: രാജ്യത്തെ ആദ്യ ബ്ളയ്ൻഡ്* ഫ്രീ (Blind Free) മ്യൂസിയം ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കും. നിള നദിക്കരയില്‍ നിര്‍മാണം പുരോഗമിക്കുന്ന ‘നിള ഹെറിറ്റേജ് മ്യൂസിയം’ മാർച്ച് ആദ്യവാരമോ ഫെബ്രുവരി അവസാനത്തോടെയോ ഉൽഘാടനം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് പൊന്നാനിയുടെ എംഎൽഎയും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ.
മ്യൂസിയം ഉദ്ദേശിച്ച രീതിയിൽ തന്നെ പൂർണമാക്കാൻ 4 കോടി രൂപകൂടി ഇന്നലെ അനുവദിച്ചതോടെ ജോലികളിനി വേഗതകൈവരിക്കും; ഇദ്ദേഹം മലബാർ ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും വലുതും ബൃഹത്തായതുമായ റിവര്‍ മ്യൂസിയമാണ് ഇവിടെ ഒരുങ്ങുന്നത്.
അവസാനഘട്ട ലാന്‍ഡ് സ്കേപ്പിങ് അടക്കമുള്ള പ്രവൃത്തികള്‍ക്കാണ് ഇപ്പോൾ അനുവദിച്ച നാല് കോടി രൂപ ഉപയോഗപ്പെടുത്തുക. തിരുവനന്തപുരത്ത് ചേര്‍ന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പിലാണ് നാല് കോടിക്ക് അംഗീകാരം ലഭിച്ചത്. ഇതോടെ കര്‍മ്മ പുഴയോരപാത മുതല്‍ നിള മ്യൂസിയം വരെ ലാന്‍ഡ് സ്കേപ്പ് ചെയ്ത ക്യാംപസും മതിലും കവാടവും ഒരുക്കും. മുറ്റത്ത് ഓപ്പണ്‍ ഓഡിറ്റോറിയവും ഖവ്വാലി ഗാനങ്ങൾക്കായി പാര്‍ക്കും തയ്യാറാക്കും.
നിളയുടെ സംസ്കാരത്തെയും സാഹിത്യ-സംസ്കാരിക ഇടങ്ങളെയും പുതുതലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനാണ് പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ മ്യൂസിയം ഒരുക്കുന്നത്. നിളയുടെ ഉൽഭവം തൊട്ട് കടലില്‍ ഒഴുകിയെത്തുന്നത് വരെയുള്ള നിളാ നദിയുടെ യാത്ര, നദീതട സാംസ്കാരിക അനുഭവങ്ങള്‍, നിളയുടെ തീരത്തെ നവോഥാനവും ദേശീയ പ്രസ്ഥാന പോരാട്ടങ്ങളും, രാഷ്ട്രീയ മുന്നേറ്റം, ശാസ്ത്രം, മിത്തുകള്‍ എന്നിവയാണ് മ്യൂസിയം നൽകാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ.
വിവിധ രാജ്യങ്ങളിലേക്കുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ സൂക്ഷിച്ചിരുന്ന പൊന്നാനിയിലെ പാണ്ടികശാലയാണ് മ്യൂസിയത്തിലെ ആദ്യ കാഴ്ച. ഇടശ്ശേരിയുടെ പൂതപ്പാട്ട്, പറയിപെറ്റ പന്തിരുകുലം എന്നിവയുടെ ചിത്രാവിഷ്കാരവും എഴുത്തച്ഛന്, സൈനുദ്ധീന്‍ മഖ്ദും, പൂന്താനം എന്നിവരുടെ സമരണയും ഇടശ്ശേരി, ഉറൂബ്, എംടി, എം ഗോവിന്ദന്, അക്കിത്തം എന്നിവരുടെ സാഹിത്യ സംഭാവനകളും മ്യൂസിയത്തിലെ കാഴ്ചകളാകും.

ഗവേഷണ തൽപരരേയും കൂടി മുന്നിൽകണ്ടാണ് മ്യൂസിയം ഒരുക്കുന്നത്. ഇതിനായി ഡിജിറ്റല്‍ വിവരണങ്ങളും, വീഡിയോ വിവരണങ്ങളും വിഷയത്തിന്റെ തലക്കെട്ടുകളും ഉൾപ്പെടുത്തിയാണ് എല്ലാ കാഴ്ചകളും ഒരുക്കുക. ഇഎംഎസ് നമ്പൂതിരിപ്പാടിനെയും മ്യൂസിയത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.
പൊന്നാനിയിലെ ബീഡി തൊഴിലാളി സമരം, സാമൂതിരി, വാസ്കോഡ ഗാമ എന്നിവരുടെ വരവ്, നിളാതീരത്തെ മാധവജ്യോതിഷം, തിരുന്നാവായ മാമാങ്കം, സര്‍വോദയ മേള, നാവിക ബന്ധങ്ങള്‍, കടല്‍ പാട്ടുകള്‍, പൊന്നാനിയുടെ സംഗീത പാരമ്പര്യം തുടങ്ങി സമഗ്രമായ ചരിത്രവും സംസ്കാരവും ഈ മ്യൂസിയത്തിലൂടെ അടയാളപ്പെടുത്താനാണ് പദ്ധതി.
ഡിജിറ്റല്‍ ലൈബ്രറിയും ചര്‍ച്ചകള്‍ക്കായി വിവിധ ഇടങ്ങളും പരിപാടികള്‍ അവതരിപ്പിക്കാനായി സ്റ്റേജുൾപ്പടെയുള്ള സംവിധാനങ്ങളും കോൺഫറൻസ് ഹാളും മ്യൂസിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്പീക്കറുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിക്കുന്നത്. 2016ലാണ് നിര്‍മാണം ആരംഭിച്ചത്. രണ്ടേക്കറില്‍ 17,000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന മ്യൂസിയം ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാണ് പൂർത്തീകരിക്കുന്നത്.
കാഴ്ച പരിമിതര്‍ക്ക് സുഗമമായി നടക്കുന്നതിന് മാര്‍ഗദര്‍ശന ‘ടാക്ട് ടൈലും’ നിലത്ത് പതിച്ചിട്ടുണ്ട്. ഓരോയിടത്തും തയ്യാറാക്കിയ കിയോസ്കുകളിലൂടെ കാഴ്ച പരിമിതര്‍ക്ക് മ്യൂസിയത്തിലെ കാര്യങ്ങള്‍ ഗ്രഹിക്കുവാനും ആസ്വദിക്കുവാനും കഴിയും. ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. ഊരാളുങ്കല്‍ ഡിസൈന്‍ സ്റ്റാറ്റര്‍ജി ലാബാണ് മ്യൂസിയത്തിലെ കാഴ്ചകൾ രൂപകല്‍പ്പന ചെയ്യുന്നത്.

ക്യാംപസിന്റെ ഒരു ഭാഗത്ത് സ്വാഭാവിക വനം രൂപപ്പെടുത്തുന്ന ‘മിയാവാക്കി ഫോറസ്റ്റും’ ക്രമീകരിക്കും. മ്യൂസിയം 2020 മാര്‍ച്ചിന് മുമ്പ് തുറക്കാനുള്ള പരിശ്രമത്തിലാണ് ടൂറിസം വകുപ്പും പദ്ധതി ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും. പൊന്നാനി കളരിയുടെ പാരമ്പര്യം നിലനിറുത്താനും മൺമറഞ്ഞ കലാരൂപങ്ങളെ പുതുതലമുറയിലൂടെ പരിപോഷിപ്പിക്കാനും ഈ മ്യൂസിയത്തിന് പദ്ധതിയുണ്ട്.
“കഴിഞ്ഞ തവണ അഥവാ 2011ൽ ഞാൻ പൊന്നാനിയിൽ നിന്ന് എംഎൽഎ ആയ സമയത്താണ് പൊന്നാനി മഹോൽസവം നടത്തിയത്. എന്റെതന്നെ നേതൃത്വത്തിലായിരുന്നു 2012ൽ ഈ മഹോൽസവം നടന്നത്. അന്ന് ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എംടി വാസുദേവൻ നായരാണ് ഈ ആശയത്തിനുള്ള വിത്തിട്ടത്. എംടി പറഞ്ഞ ആശയം ഇത്രയും ബൃഹത്തായിരുന്നില്ല. പിന്നീട് നിരവധി പേരുമായുള്ള സമ്പർക്കവും പൊന്നാനിയുടെ യശസും പ്രതാപവും ചരിത്രവും അടയാളപ്പെടുത്താനുള്ള ആഗ്രഹവുമാണ് ഇന്ന് കാണുന്ന നിലയിലുള്ള നിള ഹെറിറ്റേജ് മ്യൂസിയം എന്ന ആശയത്തിലേക്ക് എത്തിയത്“; പി ശ്രീരാമകൃഷ്ണൻ മലബാർ ന്യൂസിനോട് വ്യക്തമാക്കി.
*ബ്ലൈൻഡ്
Most Read: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മകനോട് പറയണം; മോദിയുടെ അമ്മക്ക് കർഷകന്റെ കത്ത്






































