തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചു പിവി അൻവർ. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാണ് അൻവർ വാർത്താ സമ്മേളനം തുടങ്ങിയത്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്‌ഥാനാർഥിയാകാനില്ലെന്നും യുഡിഎഫ് സ്‌ഥാനാർഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും പിവി അൻവർ പ്രഖ്യാപിച്ചു.
ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്‌ഥാനാർഥി ആക്കണം. പ്രദേശത്ത് ഏറ്റവും വലിയ പ്രശ്‌നം നേരിടുന്നത് ക്രൈസ്‌തവ വിഭാഗമാണെന്നും മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിയെ സ്‌ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
അതേസമയം, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്താണ് യുഡിഎഫ് സ്‌ഥാനാർഥിയെങ്കിൽ പിന്തുണ നൽകുന്നത് പ്രയാസമായിരിക്കുമെന്നും അൻവർ തുറന്നടിച്ചു. വിഎസ് ജോയി മൽസരിച്ചാൽ 40,000 വോട്ടിന് ജയിക്കും. ആര്യാടൻ ഷൗക്കത്ത് സിനിമാ-സാംസ്‌കാരിക പ്രവർത്തകൻ മാത്രമല്ലേ? ഞാൻ അദ്ദേഹത്തെ എവിടെയും കാണാറില്ലെന്നും അൻവർ പറഞ്ഞു.
കോൺഗ്രസിന്റെ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞു. നിയമസഭയിൽ വിഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നിൽ പി ശശിയാണെന്ന് അൻവർ വെളിപ്പെടുത്തി. സഭയിൽ താൻ തന്നെ അഴിമതിയാരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു.
വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോൾ പൂർണമായും ശരിയെന്നായിരുന്നു മറുപടി ലഭിച്ചത്. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണം. തന്നെ കോൺഗ്രസിന്റെ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ പറഞ്ഞു. കേരളത്തിലെ പിണറായിസത്തിനെതിരെയും ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയും പോരാടുമെന്നും അൻവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ അൻവർ ചേർന്നത്. എന്നാൽ, സംസ്‌ഥാന കോ-ഓർഡിനേറ്റർ സ്‌ഥാനം ഏറ്റെടുത്തെങ്കിലും പാർട്ടി അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചിരുന്നില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. പിന്നാലെയാണ് ഇന്ന് സ്‌പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറിയത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം