ന്യൂഡെൽഹി : ഹിമാചൽ പ്രദേശിലെ കിന്നൗറിൽ മണ്ണിടിച്ചിലിനെ തുടർന്ന് 9 പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് വിനോദസഞ്ചാരത്തിനായി എത്തിയ ആളുകളാണ് മരിച്ചത്. കൂടാതെ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കിന്നൗറിലെ സംഗ്ള താഴ്‌വരയിലാണ് അപകടം ഉണ്ടായത്. വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
വിനോദയാത്രക്കായി ഡെൽഹിയിൽ നിന്നും പുറപ്പെട്ട സംഘത്തിനാണ് അപകടം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇവർ വിനോദസഞ്ചാര കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു. 9 പേരടങ്ങിയ സംഘമാണ് യാത്ര ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് സംഗ്ള താഴ്‌വരയിലെ ബൽസേരി പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഒരാഴ്‌ച മുൻപ് മുതൽ കനത്ത മഴയെ തുടർന്ന് ഇവിടെ മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നു. തുടർന്ന് ഈ പ്രദേശത്തേക്ക് പോകുന്നതിന് വിനോദസഞ്ചാരികൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് വിനോദസഞ്ചാരികൾ ഇവിടേക്ക് ഇപ്പോൾ പോകുന്നത്. അപകടം നടന്ന സ്‌ഥലത്ത് നിലവിൽ രക്ഷാപ്രവർത്തനം നടന്നു വരികയാണ്.
Read also : മഹാരാഷ്‌ട്രയിൽ കനത്ത മഴതുടരുന്നു; 138 മരണം, നിരവധി പേരെ കാണാതായി