കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് വ്യാപനം കൂടുതൽ ആശങ്കയാകുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ രണ്ടു ആരോഗ്യ പ്രവർത്തകർ നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്‌ജമാകും. ഇതുവഴി പരിശോധനാ ഫലം ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തി. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും തുടർനടപടികൾ. അതേസമയം, ജില്ലയിൽ നിപ വൈറസ് സ്‌ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി.
മൂന്ന് കേസുകളിൽ നിന്നായി നിലവിൽ അകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെയാളുടെ പട്ടികയിൽ 281 പേരും ചികിൽസയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്കത്തിൽ 50 പേരുമാണുള്ളത്. സർക്കാർ ഗസ്‌റ്റ് ഹൗസുകളിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണം ഉണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം.
അതിനിടെ, നിപ ബാധിച്ചു മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം ഇദ്ദേഹത്തിന്റെ വീടിന്റെ പറമ്പിൽ നിന്നും അടയ്‌ക്ക ശേഖരിച്ചിട്ടുണ്ട്.
ഓഗസ്‌റ്റ് 22ന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി- 23ന് തിരുവള്ളൂരിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുത്തു. 25ന് മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്‌ജിദിലുമെത്തി. 26ന് കുറ്റ്യാടിയിലെ ക്ളിനിക്കൽ ഡോക്‌ടറെ കണ്ടു. 28ന് തൊട്ടിൽപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 29ന് ആംബുലൻസിൽ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. 30ന് മരിച്ചു. എന്നിങ്ങനെയാണ് റൂട്ട് മാപ്പ്.
അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി കുറ്റ്യാടിയിലേക്ക് ബസുകൾ കടത്തി വിടുന്നില്ല. ചെറിയ കുമ്പളം പാലത്തിന് സമീപം പോലീസ് ചെക്കിങ് നടത്തുന്നുണ്ട്. ഇവിടെ യാത്രക്കാരെ ഇറക്കിവിടുകയാണ്. യാത്രക്കാർ കാൽനടയായി പാലം കടന്നു കുറ്റ്യാടിയിലേക് പോവുകയാണ്.
അതിനിടെ, സംസ്‌ഥാനത്ത് നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേക യോഗം വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. മന്ത്രിമാരായ വീണ ജോർജും പിഎ മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുക്കും. വിവിധ വകുപ്പ് മേധാവികളും മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കും. അതേസമയം, കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു.
വില്യാപ്പള്ളി പഞ്ചായത്തിലെ 3,4, 5 വാർഡുകളും പുറമേരിയിലെ 13ആം വാർഡുമാണ് കണ്ടെൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാർഡുകളിൽ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. ജില്ലയിലെ എട്ടു പഞ്ചായത്തുകളാണ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ പോലീസ് ബാരിക്കേഡ് വെച്ച് വഴികൾ അടച്ചു.
Most Read| സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ ബന്ധു- ഫെനി ബാലകൃഷ്‌ണൻ