തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിപ സാഹചര്യത്തിൽ, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു.
അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്‌തമാക്കി. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ആരംഭിച്ച കമ്മിറ്റികൾ രൂപീകരിച്ചു മലപ്പുറത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വൈകിട്ട് നാലിന് മലപ്പുറത്ത് വീണ്ടും യോഗം ചേരും. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് സൂചന. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14 വയസുകാരനാണ് നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്.
സ്‌ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്‌ഥിരീകരണം. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്. കടുത്ത പനി, തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടിക്ക് ഉണ്ടായിരുന്നു. ഇന്നലെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയത്.
Most Read| പ്രക്ഷോഭത്തിൽ 105 മരണം; ബംഗ്ളാദേശിൽ നിരോധനാജ്‌ഞ- സൈന്യത്തെ വിന്യസിച്ചു