കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മലപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കോട് സ്വദേശിയായ 14 വയസുകാരനാണ് നിപ സ്‌ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായി. ഗുരുതരാവസ്‌ഥയിലുള്ള കുട്ടി പ്രത്യേക നിരീക്ഷണത്തിലാണ്.
ഇന്നലെയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനാ ഫലം പോസിറ്റീവ് ആയതിനാൽ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.
പിന്നാലെയാണ് സ്‌ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. അതേസമയം, സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ചതിൽ ഭയം വേണ്ടെന്നും എല്ലാ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 മുറികൾ സജ്‌ജമാക്കിയിട്ടുണ്ട്.
കുട്ടിയുമായി സമ്പർക്കത്തിൽ ആയവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു. ആരോഗ്യവകുപ്പ് ഡയറക്‌ടർ ഇന്ന് മലപ്പുറത്തെത്തും. കുട്ടി വെന്റിലേറ്ററിലാണ്. ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കുട്ടിക്ക് പനിയായതിന് ശേഷം ഡോക്‌ടറെ കണ്ടിരുന്നു. രണ്ടു ആശുപത്രികളിൽ ചികിൽസ തേടി. അതിന് ശേഷമാണ് കോഴിക്കോട്ട് ചികിൽസയ്‌ക്കായി വന്നത്. ഇവിടെയുള്ളവരുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കും. വിദേശത്ത് നിന്ന് വാങ്ങിയ ആന്റിബോഡി നാളെ പൂനെയിൽ നിന്ന് എത്തുമെന്നും മന്ത്രി പറഞ്ഞു.
മലയാളികളെ മുൾമുനയിൽ നിർത്തിയ നിപ വൈറസിന്റെ ആദ്യവരവിന് ആറുവർഷം തികഞ്ഞത് കഴിഞ്ഞ മേയിലാണ്. 2018 മേയ് 17നാണ് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ ഒരാൾക്ക് നിപ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്‌ടർമാർ സ്രവം പരിശോധനക്ക് അയച്ചത്. സംസ്‌ഥാനത്ത് ആദ്യമായി നിപ സ്‌ഥിരീകരിച്ചത് ആ പരിശോധനയിലൂടെയാണ്.
ആറുവർഷത്തിനിടെ നാല് തവണയാണ് സംസ്‌ഥാനത്ത് നിപ സ്‌ഥിരീകരിച്ചത്. 2018,2019,2021,2023 വർഷങ്ങളിൽ. 2023 സെപ്‌തംബറിലാണ് ഒടുവിൽ രോഗബാധ സ്‌ഥിരീകരിച്ചത്. വവ്വാലുകളിലിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞ വർഷം പഠനം നടത്തിയിരുന്നു. 2023 ഫെബ്രുവരി, ജൂലൈ, സെപ്‌തംബർ മാസങ്ങളിൽ ശേഖരിച്ച സ്രവങ്ങളിൽ 20.9 ശതമാനത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി