ന്യൂഡെൽഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും കടന്ന വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരൻ നെഹൽ ദീപക് മോദിക്ക് എതിരെ ന്യൂയോർക്കിൽ വജ്രമോഷണ കേസ്. പത്ത് ലക്ഷം ഡോളർ (7.36 കോടി രൂപ) വിലമതിക്കുന്ന വജ്ര തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്ക് എതിരായ കേസ്. പിഎൻബി തട്ടിപ്പ് കേസിൽ നീരവ് മോദിയോടൊപ്പം സിബിഐ അന്വേഷിക്കുന്നയാളുമാണ് നെഹൽ.
എൽഎൽഡി ഡയമണ്ട്സ് യുഎസ്എ എന്ന കമ്പനിയിൽ നിന്നും ക്രെഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന രത്‌നങ്ങൾ ബെൽജിയം വ്യാപാരിയായ നെഹൽ മോദി നേടിയെന്നും തുടർന്ന് സ്വന്തം ആവശ്യങ്ങൾക്കായി ഇവ ഉപയോഗിച്ചെന്നുമാണ് ജില്ലാ അറ്റോർണി സി വാൻസ് ജൂനിയർ ഡിസംബർ 18ന് മാൻഹാട്ടൻ ഓഫീസിൽ നിന്നുള്ള പ്രസ്‌താവനയിൽ പറയുന്നത്.
2019 സെപ്‌റ്റംബറിൽ ബാങ്ക് തട്ടിപ്പ് കേസിൽ നെഹൽ മോദിക്ക് എതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും പിന്നീട് തെളിവുകൾ നശിപ്പിക്കുന്നതിനും നീരവ് മോദിയെ സഹായിച്ചെന്നാണ് നെഹലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആരോപിക്കുന്നത്.
Read also: ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു







































