പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാർ ലജിസ്ളേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവെച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭരണഘടനാപരമായ നിബന്ധനകൾ പാലിച്ചാണ് രാജി.
മാർച്ച് 16ന് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ, ഭരണഘടന അനുസരിച്ച് 14 ദിവസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിലെ അംഗത്വം ഉപേക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള അവസാന തീയതി മാർച്ച് 30 ആയിരുന്നു.
ഒരാൾക്ക് ഒരേസമയം പാർലമെന്റിലും സംസ്ഥാന നിയമസഭയിലും അംഗമായി തുടരാനാവില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ ഏതെങ്കിലും ഒരു സീറ്റിൽ നിന്ന് രാജിവെക്കണമെന്നാണ് നിയമം. മാർച്ച് 16നാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് രാജി.
ബിഹാറിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയായിരുന്നു നിതീഷ് കുമാർ. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിനെ മന്ത്രിസഭയിലോ സംഘടനാ പദവികളിലോ നിയോഗിച്ചേക്കും.
ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്. അനാരോഗ്യമാണ് സ്ഥാനമൊഴിയാൻ നിതീഷിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പൊതുവേദികളിലും നിയമസഭയിലും മുഖ്യമന്ത്രിയുടെ പെരുമാറ്റം പലപ്പോഴും പദവിക്ക് ചേരാത്ത രീതിയിലായിരുന്നു. ഓർമക്കുറവ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കുന്ന തലത്തിലേക്കെത്തിയിരുന്നു.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’







































