പട്‌ന: ബിഹാറിൽ ജെഡിയുവിന് മുന്നിൽ നിബന്ധന വെച്ച് ബിജെപി. നിതീഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാൻ ബിജെപി ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചതിന് ശേഷം പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകാമെന്നാണ് ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, പിന്തുണ അറിയിക്കുന്ന കത്ത് ആദ്യം നൽകിയ ശേഷം രാജിവെക്കാമെന്നാണ് ജെഡിയു നിലപാട്.
അതിനിടെ, ജെഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗം നടക്കുകയാണ്. ഇതിന് പിന്നാലെ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ്, ആർജെഡി എംഎൽഎമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. നിതീഷിനെ പ്രതിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും ഇന്ന് ബിഹാറിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി സ്‌ഥാനം നിതീഷ് നേരത്തെ ആവശ്യപ്പെട്ടതായാണ് വിവരം. രണ്ടു ഉപമുഖ്യമന്ത്രി സ്‌ഥാനം ബിജെപിക്ക് നൽകാമെന്നും ജെഡിയു ഫോർമുലയായി മുന്നോട്ട് വെച്ചിട്ടുണ്ട്. ഫോർമുല ബിജെപി അംഗീകരിച്ചാൽ എൻഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും ഇന്ന് തന്നെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്നുമാണ് പുറത്തുവരുന്ന വിവരം.
Most Read| വണ്ടിപ്പെരിയാർ പീഡനം; പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് സിപിഎം