കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകി പരാതിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നത്.
2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി ആദ്യം നൽകിയ പരാതി. എന്നാൽ, ഈ മാസങ്ങളിൽ യുവതി കേരളത്തിൽ ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിൽ വ്യക്‌തത വരുത്താൻ യുവതിയുടെ യാത്രാ രേഖകൾ ഉൾപ്പടെ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
അതേസമയം, 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പോലീസ് സ്‌ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പോലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിലവിൽ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വന്ന പശ്‌ചാത്തലത്തിൽ നടിമാർ നടത്തുന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് യുവതി വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.
നിവിൻ പൊളിയടക്കം ആറുപേർക്കെതിരെയാണ് ഊന്നുകൽ പോലീസ് കേസെടുത്തത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. ഒന്നാംപ്രതി ശ്രേയ, മൂന്നാംപ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വെച്ച് പീഡനം നടന്നെന്നാണ് ആരോപണം. ശ്രേയ എന്ന സ്‌ത്രീയാണ് അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ കെയർ ഗിവറായി ജോലി വാഗ്‌ദാനം ചെയ്‌തു. അത് നടക്കാതായപ്പോൾ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞ് ശ്രേയ ദുബായിൽ എത്തിച്ചെന്നും അവിടെ ഹോട്ടൽ മുറിയിൽ മറ്റു പ്രതികൾ ചേർന്ന് പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ മൊഴി. പീഡനം, സ്‌ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എന്നാൽ, പീഡനാരോപണം ശുദ്ധ നുണയാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നുമാണ് നിവിൻ പോളിയുടെ വിശദീകരണം. തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും നിവിൻ ആരോപിക്കുന്നു. അതിനിടെ, യുവതി പരാതിയിൽ പറഞ്ഞ മാസം നിവിൻ ഷൂട്ടിനായി തന്നോടൊപ്പം കേരളത്തിൽ ആയിരുന്നുവെന്ന് രേഖകൾ സഹിതം വ്യക്‌തമാക്കി സുഹൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Most Read| ഇത് ചരിത്രം; കരിയറിൽ 900 ഗോളുകൾ തികച്ച് ക്രിസ്‌റ്റ്യാനോ റൊണാൾഡോ