തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയുടെ പരിഗണനയില്‍. രണ്ട് മന്ത്രിമാര്‍ അടക്കം ആറ് ഇടത് നേതാക്കളും കേസില്‍ നേരത്തെ ജാമ്യം എടുത്തിരുന്നു. കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ ഹരജി സമര്‍പ്പിക്കും എന്ന് സൂചനകളുണ്ട്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താന്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. നിയമസഭയിൽ വെച്ച് നടന്ന സംഭവങ്ങളുടെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു.
മന്ത്രിമാരായ കെടി ജലീല്‍, ഇപി ജയരാജന്‍ എന്നിവരും ഇടത് നേതാക്കളായ വി ശിവന്‍കുട്ടി, സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്‌റ്റർ തുടങ്ങിയവരുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
തുടര്‍ന്ന് ഇവര്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. കേസ് എഴുതി തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണയിലാണ്.
Read Also: പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്നലെ ചോദ്യം ചെയ്‌തത് 16 മണിക്കൂര്‍