കൊച്ചി: ‘നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ പ്രതികളായ റോയ് വയലാട്ടിന്റെയും രണ്ടാം പ്രതി സൈജു തങ്കച്ചന്റെയും ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 21ന് വിധി പറയും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് കേസ് വിധി പറയാൻ മാറ്റിയത്. കേസിൽ റോയ് വയലാട്ടിൻ ഒന്നാം പ്രതിയും സൈജു തങ്കച്ചൻ രണ്ടാം പ്രതിയും, അഞ്ജലി റീമ ദേവ് മൂന്നാം പ്രതിയുമാണ്.
ഈ മാസം 13ന് ആണ് റോയ് വയലാട്ടിൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫിസിൽ കീഴടങ്ങിയത്. തൊട്ടടുത്ത ദിവസം തന്നെ സൈജു തങ്കച്ചൻ കൊച്ചി മെട്രൊ പോലീസ് സ്റ്റേഷനിലും കീഴടങ്ങിയിരുന്നു. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ. അതിനിടെ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നോട്ടീസും അയച്ചിരുന്നു.
ഇതേ തുടർന്ന് അഞ്ജലി റിമാദേവ് കൊച്ചിയിലെ കോടതിയിൽ ഇന്നലെ ഹാജരായി. മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്കാണ് ഇവർ കോടതിയിൽ എത്തിയത്. കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസും നല്കി. അന്വേഷണവുമായി സഹകരിക്കും, കോടതിയുടെ പരിഗണനയിലുള്ള കേസിൽ കൂടുതലൊന്നും പറയാനില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു. നമ്പര്‍ 18 പോക്സോ കേസിലെ മൂന്നാംപ്രതിയായ അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്കിയ പരാതിയിലാണ് ഫോർട്ട് കൊച്ചിയിലെ ‘നമ്പര്‍ 18‘ ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയത്. 2021 ഒക്ടോബര്‍ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പടെ പരിശോധിച്ചായിരുന്നു റോയി വയലാട്ടിനും സൈജു തങ്കച്ചനും ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചത്. കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെ മരണപ്പെട്ട വാഹനാപകട കേസിലും ഇരുവരും പ്രതികളാണ്.
Most Read: ലോ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ








































