വിവാഹമോചനവും രജിസ്‌റ്റർ ചെയ്യണം, രാജ്യത്ത് ആദ്യം; പുതിയ നിയമം വരുന്നു

By News Desk, Malabar News
Divorce
Representational Image
Ajwa Travels

തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യുന്നത് പോലെ തന്നെ ഇനി മുതൽ വിവാഹ മോചനവും രജിസ്‌റ്റർ ചെയ്യണം. ഇതിനായി നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു. നിയമസഭയുടെ സ്‌ത്രീകളുടേയും കുട്ടികളുടേയും ട്രാന്‍സ്‌ജെന്‍ഡറുകളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി ക്രമങ്ങളിലേക്ക് പോകുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി.

‘വിവാഹ മോചന രജിസ്‌ട്രേഷന്‍ സമയത്ത് കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരുടെ സംരക്ഷണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൂടി രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തും. പുനര്‍ വിവാഹിതരാവുമ്പോള്‍ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിയമ നിർമാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും. ഇന്ത്യന്‍ നിയമ കമ്മീഷന്റെ 2008ലെ റിപ്പോര്‍ട്ടില്‍ വിവാഹവും വിവാഹ മോചനവും രജിസ്‌റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്‌തമാക്കുന്നുണ്ട്.’; മന്ത്രി പറയുന്നു.

അതിന് മതമോ, വ്യക്‌തി നിയമമോ പരിഗണിക്കാതെ ഇന്ത്യയൊട്ടാകെ എല്ലാ പൗരന്‍മാര്‍ക്കും ബാധകമാക്കണമെന്ന് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. എന്നാല്‍, ഇതിന്റെ അടിസ്‌ഥാനത്തില്‍ നിയമ നിര്‍മാണങ്ങളൊന്നും നടന്നിട്ടില്ല. ഇന്ത്യയില്‍ വിവാഹ മോചനം നിര്‍ബന്ധമായും രജിസ്‌റ്റര്‍ ചെയ്യണമെന്ന നിയമം ഒരു സംസ്‌ഥാനത്തും നിലവിലില്ല. കേരളം ഈ കാര്യത്തിലും രാജ്യത്തിന് മാതൃകയാവുകയാണെന്ന് മന്ത്രി പറഞ്ഞു.

വിവാഹവും വിവാഹമോചനവും ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്‌റ്റില്‍ ഉൾപ്പെടുന്നതിനാൽ വിവാഹമോചന രജിസ്‌ട്രേഷനായി സംസ്‌ഥാനത്തിന് നിയമനിര്‍മാണം നടത്താവുന്നതാണെന്നും ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞു. മതഭേദമന്യേയുള്ള വിവാഹ രജിസ്‌ട്രേഷന് ചട്ടങ്ങള്‍ മാത്രമാണുള്ളത് എന്ന വസ്‌തുത പരിഗണിച്ച് കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്‌റ്റര്‍ ചെയ്യല്‍ ആക്‌ട് എന്ന പേരിലാണ് നിയമനിർമാണം നടത്തുക. 2008ലെ കേരള വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യല്‍ ചട്ടങ്ങളില്‍ വിവാഹ മോചനങ്ങളുടെ രജിസ്‌ട്രേഷനുള്ള വ്യവസ്‌ഥകള്‍ കൂടി ഉള്‍പ്പെടുത്തി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് മന്ത്രി വ്യക്‌തമാക്കി.

Most Read: നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE