കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പ്രതിയും ഹോട്ടൽ ഉടമയുമായ റോയ് വയലാട്ട് കുറ്റം സമ്മതിച്ചതായി പോലീസ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി വിയു കുര്യാക്കോസ് അറിയിച്ചു. ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്നും റോയിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി അന്വേഷണം ഊർജിതമാക്കി. കൂട്ടിപ്രതി അഞ്ജലി റിമ ദേവിനെ ചോദ്യം ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് റോയ് വയലാട്ട് പോലീസിൽ കീഴടങ്ങിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫിസിലാണ് റോയ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. രണ്ടാം പ്രതി സൈജു എം തങ്കച്ചനും ഇനി പിടിയിലാകാനുണ്ട്.
മൂന്നാം പ്രതി അഞ്ജലി റീമ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചിരുന്നു. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്ക് എതിരെ പോക്സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് റോയ് വയലാട്ടിനെതിരായ കേസ്.
കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയ് വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയ് വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്റ്റഡിയിലെടുക്കാൻ പോലീസ് നടപടി തുടങ്ങിയിരുന്നു. എന്നാൽ തങ്ങൾക്ക് എതിരായ പരാതി ബ്ളാക് മെയിലിന്റെ ഭാഗമാണെന്നും മൂന്ന് മാസം കഴിഞ്ഞു പെൺകുട്ടിയും അമ്മയും പരാതി നൽകിയത് അതിന്റെ തെളിവാണെന്നും പ്രതികൾ കോടതിയിൽ വാദിച്ചിരുന്നു.
Most Read: മുതിര്ന്ന കോണ്ഗ്രസ് നേതാവ് സിഎം ഇബ്രാഹിം ജെഡി-എസിലേക്ക്








































