കൊച്ചി: കസ്‌റ്റഡി അപേക്ഷയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വഹിച്ച ഉന്നത പദവികൾ രേഖപ്പെടുത്താത്തതിൽ കസ്‌റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. നിരവധി ഉന്നത പദവികൾ വഹിച്ചയാളാണ് ശിവശങ്കർ. അവയൊന്നും രേഖപ്പെടുത്താതെ അദ്ദേഹത്തിന്റെ അച്ഛന്റെ പേര് മാത്രം ചൂണ്ടിക്കാട്ടിയത് എന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. കസ്‌റ്റഡി അപേക്ഷയിൽ മാധവൻ നായരുടെ മകൻ ശിവശങ്കർ എന്ന് മാത്രമാണ് സൂചിപ്പിച്ചിരുന്നത്. ശിവശങ്കറിന്റെ പദവികൾ രേഖപ്പെടുത്തുന്നതിൽ കസ്‌റ്റംസിന് മടി എന്താണെന്ന് കോടതി ചോദിച്ചു.
ശിവശങ്കറിനെ കസ്‌റ്റംസിന് പേടിയാണോ? അന്വേഷണ ഉദ്യോഗസ്‌ഥൻ ഇതിന് മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വപ്‌നയുടെ മൊഴി പ്രകാരം ഇപ്പോൾ ചോദ്യം ചെയ്യണമെന്ന് പറയുന്നതിൽ അടിസ്‌ഥാനമില്ലെന്നും ശിവശങ്കറിനെ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. എന്തിന് കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന കാര്യത്തിന് വ്യക്‌തത വരുത്താൻ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വിമർശിച്ചു.
ഹരജി പരിഗണിക്കുമ്പോൾ ശിവശങ്കറിനെതിരെ ബലവത്തായ എന്ത് തെളിവാണ് കസ്‌റ്റംസിന് ലഭിച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥരോട് കോടതി ചോദിച്ചു. 9 തവണ ചോദ്യം ചെയ്‌തിട്ടും കിട്ടാത്ത എന്ത് തെളിവാണ് ഇനി ലഭിക്കാനുള്ളതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയെ ചൂണ്ടിക്കാട്ടി. പ്രതികളിൽ ചിലരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്‌റ്റംസ് അഭിഭാഷകരുടെ വാദം.
തുടർന്ന് കള്ളക്കടത്തിനെ കുറിച്ചും കൂടുതൽ പേരുടെ പങ്കുകളെ കുറിച്ചും ചോദ്യം ചെയ്യുന്നതിന് കസ്‌റ്റംസ് ആവശ്യപ്പെട്ട 10 ദിവസത്തെ കസ്‌റ്റഡി അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, അന്വേഷണ ഉദ്യോഗസ്‌ഥരുടെ ആരോപണത്തിലെ ഗൗരവം കണക്കിലെടുത്ത് 5 ദിവസത്തേക്ക് ശിവശങ്കറിനെ കസ്‌റ്റഡിയിൽ വിടാൻ തീരുമാനിച്ചതായും എറണാകുളം സെഷൻസ് കോടതി അറിയിച്ചു. പ്രതി ഉന്നത പദവിയിലിരിക്കുമ്പോൾ കുറ്റകൃത്യം ചെയ്‌തതായി കസ്‌റ്റംസ് ചൂണ്ടിക്കാട്ടിയത് പരിഗണിച്ചായിരുന്നു കോടതിയുടെ തീരുമാനം. വീഡിയോ കോൺഫറൻസ് വഴി ശിവശങ്കറും കോടതിയിൽ ഹാജരായിരുന്നു.
അതേസമയം,കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും 5 ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇരുവരെയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് കസ്‌റ്റംസിന്റെ പദ്ധതി. ചൊവ്വാഴ്‌ചയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ ജയിലിലെത്തി ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ 23ആം പ്രതിയായാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം സമർപ്പിക്കാനാണ് കസ്‌റ്റംസ് നീക്കം.
Also Read: കിഫ്‌ബി വിവാദം; സിഎജി റിപ്പോർട്ട് ആരും വായിച്ചിട്ടില്ലെന്ന് ചെന്നിത്തല





































