തിരുവനന്തപുരം: നാട്ടിൽ നിന്നും വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരട്ട പ്രഹരമായി ടിക്കറ്റ് നിരക്കുകൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും നിലവിൽ യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എയർലൈനുകൾ വലിയ രീതിയിൽ ടിക്കറ്റ് നിരക്കുകളിൽ വർധന വരുത്തിയത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ പലരും ജോലി നഷ്‌ടപ്പെടാതിരിക്കാൻ നിലവിൽ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി യാത്ര ചെയ്യുകയാണ്.
നാട്ടിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ 30,000 മുതൽ 40,000 രൂപയ്‌ക്ക് വരെ ഇപ്പോൾ ടിക്കറ്റ് ലഭിക്കും. സൗദിയിലേക്ക് ചാർട്ടേഡ് വിമാനങ്ങളും വന്ദേഭാരത് മിഷൻ സർവീസുമാണ് നിലവിലുള്ളത്. സാധാരണ സർവീസ് പുനഃരാരംഭിക്കുകയോ കൂടുതൽ സർവീസ് ഏർപ്പെടുത്തുകയോ ചെയ്‌താൽ നിരക്ക് കുറയുമെന്ന് പ്രവാസികൾ പറയുന്നു.
അതേസമയം നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചെങ്കിലും കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള നിരക്കിൽ കുറവില്ല. 96,000 രൂപ മുതൽ 1,44,000 വരെയാണ് ജസീറ എയർവേയ്സിൽ കൊച്ചിയിൽ നിന്നുള്ള നിരക്ക്. ഒക്‌ടോബർ 14 മുതൽ കുറഞ്ഞ നിരക്ക് 85,808 രൂപയാണെന്നും അവരുടെ വെബ്സൈറ്റിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ കൊച്ചിയിൽ നിന്നും യുഎഇയിലേക്ക് മടങ്ങാൻ 25,000 രൂപയ്‌ക്ക് മുകളിലാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്.
40,000 മുതൽ 50,000 രൂപ വരെയാണ് നിലവിൽ മസ്‌ക്കറ്റിലേക്ക് മടങ്ങുന്ന പ്രവാസികൾ ടിക്കറ്റിനായി ഈടാക്കുന്നത്. കൂടാതെ ബഹ്റൈനിലേക്ക് മടങ്ങാൻ നിരക്ക് 30,000ന് മുകളിലുമാണ്. എന്നാൽ വിദേശ വിമാന കമ്പനികളിൽ ഇത് 43,000 രൂപയ്‌ക്ക് മുകളിലാണ്.
Read also: തീവ്രവാദ ബന്ധം; ജമ്മുവിൽ പോലീസുകാർ ഉൾപ്പെടെ 6 പേരെ പിരിച്ചുവിട്ടു