പയ്യന്നൂർ: അമ്പലപ്പറമ്പിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി സ്‌ഥാപിച്ച ബോർഡിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ കുഞ്ഞിമംഗലം മല്യോട് പാലോട്ടുകാവിലാണ് ബോർഡ് സ്‌ഥാപിച്ചത്. ‘ഉൽസവകാലങ്ങളിൽ മുസ്‌ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല’ എന്നായിരുന്നു പോസ്‌റ്ററിലെ ഉള്ളടക്കം.
മതസൗഹാർദ്ദത്തിന് പേരുകേട്ട ഉൽസവങ്ങളാണ് വടക്കൻ മലബാറിലെ കാവ് ഉൽസവങ്ങൾ. കളിയാട്ട കാവുകളിൽ ജാതി മത പരിഗണനകൾക്ക് അതീതമായി ആളുകൾ ഒത്തുകൂടാറുണ്ട്. ഇതിന് പുറമേ ഇടതു മുന്നണിയുടെ ശക്‌തി കേന്ദ്രം കൂടിയായ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ടുകാവ് ഉൽസവ പറമ്പിലാണ് ബോർഡ് ഉയർന്നത് എന്നതാണ് പ്രതിഷേധകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ഫേസ്‌ബുക്കിൽ ട്രോളുകളിലൂടെയാണ് ആളുകൾ പ്രതിഷേധം അറിയിക്കുന്നത്. ക്ഷേത്ര കമ്മിറ്റിയിൽ ഭൂരിഭാഗം പേരും സിപിഎം പ്രവർത്തകരാണ് എന്നത് കൂടുതൽ ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ, വർഷങ്ങളായി ഇങ്ങനെ ബോർഡ് വെക്കാറുണ്ടെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ല എന്നുമായിരുന്നു ക്ഷേത്ര കമ്മിറ്റിയുടെ വിശദീകരണം.
Also Read: ‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി’; സര്‍ക്കാരിനെതിരെ ചെന്നിത്തല






































