കീവ്: റഷ്യന്‍ അധിനിവേശത്തില്‍ നാറ്റോയുടെ നിലപാടിനെ വിമര്‍ശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിര്‍ സെലെന്‍സ്കി. നാറ്റോയുടെ നയതന്ത്രത്തില്‍ വിശ്വാസമില്ലെന്ന് സിബിഎസിന് നല്കിയ അഭിമുഖത്തില്‍ സെലന്‍സ്കി പറഞ്ഞു.
“നിങ്ങളുടെ (നാറ്റോ) നയതന്ത്രം കൊണ്ട് ഒരു ഫലവുമുണ്ടാകുന്നില്ല. ഇനി എനിക്ക് നല്കാന് ജീവിതങ്ങളില്ല. എനിക്കൊരു വികാരവുമില്ല. എന്റെ രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന അവരുടെ നയതന്ത്രത്തില്‍ എനിക്ക് താല്‍പ്പര്യമില്ല,” സെലന്‍സ്കി പറഞ്ഞു.
“ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ആ അവകാശത്തിന് ഇത്രയും വിലയുണ്ടെന്ന് അറിഞ്ഞില്ല. ഇവിടെ മാനുഷിക മൂല്യങ്ങളുണ്ട്. ഞങ്ങള്‍ എന്തുചെയ്യണമെന്നും ഞങ്ങളുടെ അവകാശങ്ങള്‍ എങ്ങനെ വിനിയോഗിക്കുന്നുവെന്നും റഷ്യ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ആ അവകാശം എനിക്ക് ദൈവവും എന്റെ മാതാപിതാക്കളും നല്‍കിയതാണ്,” സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.
യുഎന്‍ സുരക്ഷാ സമിതി റഷ്യക്ക് അര്‍ഹിച്ച ശിക്ഷ നല്‍കണം, അല്ലെങ്കില്‍ സമിതി പിരിച്ചുവിടണമെന്ന് അടുത്തിടെ സെലന്‍സ്കി പറഞ്ഞിരുന്നു.
അതേസമയം യുക്രൈന്റെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ റഷ്യന്‍ സൈന്യത്തെ ശക്തിപ്പെടുത്താന്‍ സൈന്യത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ അഴിച്ചുപണി നടത്തിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന്. സൈന്യത്തിന്റെ മേല്‍നോട്ട ചുമതല റഷ്യന്‍ സതേണ്‍ മിലിട്ടറി ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ ആയ അലക്സാണ്ടര്‍ വൊര്‍നിക്കോവിനെ പുടിന് ഏല്‍പ്പിച്ചു.
ഇതോടെ വരും ദിനങ്ങളില്‍ കിഴക്കന്‍ യുക്രൈനില്‍ ശക്തമായ റഷ്യന്‍ ആക്രമണം പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പ് വിവിധ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ തങ്ങള്‍ നിര്‍ണായക ഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് സെലെന്‍സ്കി പറഞ്ഞു.
Most Read: രണ്ട് എഡിജിപിമാരുടെ സ്ഥാനക്കയറ്റ ശുപാർശ കേന്ദ്രം തള്ളി





































