റിയാദ് : സൗദിയിൽ ഹജ്‌ജ് അനുമതി പത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി. ഹജ്‌ജ് സുരക്ഷാ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ശുവൈറഖ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് രാജ്യത്ത് ഹജ്‌ജ് നടക്കുന്നത്.
അനുമതി നേടാതെ ഹജ്‌ജിന് എത്തുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. പതിനായിരം റിയാൽ ആയിരിക്കും ഇത്തരത്തിൽ പിടിയിലാകുന്ന ആളുകളിൽ നിന്നും പിഴയായി ഈടാക്കുക.
ഹജ്‌ജ് സീസണിൽ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പൗരൻമാരും വിദേശികളുമായ മുഴുവന്‍ രാജ്യവാസികളും കർശനമായി പാലിക്കണമെന്ന് ഹജ്‌ജ് സുരക്ഷാ സേന വക്‌താവ് ആവശ്യപ്പെട്ടു. മസ്‌ജിദുല്‍ ഹറാം, അതിന് ചുറ്റുമുള്ള പ്രദേശം, പുണ്യസ്‌ഥലങ്ങളായ മിന, മുസ്‍ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലാണ് നിലവിൽ അനുമതി പത്രമില്ലാത്തവർക്ക് പ്രവേശനം വിലക്കിയിരിക്കുന്നത്. ഹജ്‌ജ് കഴിയുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : കരിപ്പൂർ സ്വർണക്കടത്ത്; മുഹമ്മദ് ഷഫീഖിന് ജാമ്യം






































