അബുദാബി: ഇനിമുതൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമല്ല. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കാണ് ഈ ഇളവ് നൽകുന്നത്. ഇന്നലെ മുതൽ യുഎഇയിൽ നിന്നുള്ള പ്രവാസികൾക്കായി ഈ ഇളവ് പ്രാബല്യത്തിൽ വന്നു.
നിലവിൽ യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമായിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പിസിആർ പരിശോധന വേണ്ടെന്നു വച്ചിട്ടും യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് അത് നിർബന്ധമാക്കിയതിനെ തുടർന്ന് പ്രവാസികൾ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ വേണ്ടെന്ന തീരുമാനം അധികൃതർ അറിയിച്ചത്.
വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് യാത്രക്കാർ എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ എടുക്കാത്ത ആളുകൾ യാത്രക്ക് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ പരിശോധന ഫലം ഹാജരാക്കേണ്ടത് നിർബന്ധമാണ്. കൂടാതെ യാത്രാ തീയതിക്ക് 14 ദിവസം മുൻപ് മറ്റു വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അതടക്കം എല്ലാ വിവരങ്ങളും എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം.
Read also: ചൂട് കുറയും; സംസ്ഥാനത്ത് ഏപ്രിൽ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്





































