മലപ്പുറം: ജില്ലയിലെ നിപ്പ വൈറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ വന്ന 12 ഫലങ്ങളും നെഗറ്റീവ് ആണ്. ക്വാറന്റീനിൽ ഉള്ളവർ 21 ദിവസം തുടരണമെന്നും മന്ത്രി അറിയിച്ചു.
460 പേരാണ് ഇതുവരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 54 പേരെ പുതുതായി ഉൾപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആണ് ഇവരെ കണ്ടെത്തിയത്. പാണ്ടിക്കാട് 6239 വീടുകളിലും ആനക്കയത്ത് 4869 വീടുകളിലും പനി സർവേ നടത്തി. ഇതുവരെ ആകെ 15,055 വീടുകളിലാണ് സർവേ നടത്തിയത്.
സമ്പർക്ക പട്ടികയിലുള്ള കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ളാസ് സൗകര്യം ഏർപ്പെടുത്തുമെന്നും വീണാ ജോർജ് പറഞ്ഞു. അതേസമയം, കേരള – തമിഴ് അതിർത്തിയിൽ തമിഴ് ആരോഗ്യ വകുപ്പു പരിശോധന കർശനമാക്കി. കോയമ്പത്തൂർ കളക്ടറുടെ നിർദേശപ്രകാരമാണു ചാവടി ഉൾപ്പെടെയുള്ള അതിർത്തികളിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചത്. മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ചു 14 വയസുകാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്കു തമിഴ്നാട് കടക്കുമെന്നും സൂചനയുണ്ട്.
വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം, വേലന്താവളം, ഗോപാലപുരം, ആനക്കട്ടി തുടങ്ങി മുഴുവൻ കേരള – തമിഴ്നാട് അതിർത്തികളിലും പരിശോധന നടത്തിയാണു വാഹനം കടത്തി വിടുന്നത്. തെർമോമീറ്റർ ഉപയോഗിച്ചു ശരീരോഷ്മാവും യാത്രക്കാരുടെ ആരോഗ്യസ്ഥിതിയും പരിശോധിച്ച ശേഷമാണു തുടർയാത്ര അനുവദിക്കുന്നത്.
MUST READ | പൊതുസ്ഥലത്തെ യുഎസ്ബി ചാർജറുകൾ ഉപയോഗിക്കരുത്