ആലപ്പുഴ: സിൽവർ ലൈനിനെതിരെ വീടുകളിൽ പോസ്റ്റർ പതിപ്പിച്ചും പ്രതിഷേധം. ‘കെ റെയിൽ ബോധവൽക്കരണത്തിന് ആരും വരരുതെന്ന പോസ്റ്റർ വീടിന്റെ ഗേറ്റിന് പുറത്തെ മതിലിൽ പതിപ്പിച്ചാണ് ചെങ്ങന്നൂരിലെ നാട്ടുകാർ പ്രതിഷേധിക്കുന്നത്. ബോധവൽക്കരണത്തിനായി എത്തിയ സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെയാണ് ചെങ്ങന്നൂർ പുന്തല പ്രദേശത്തുകാർ ഗേറ്റിന് പുറത്ത് പോസ്റ്റർ പതിപ്പിച്ചത്.
പ്രദേശത്തെ പത്തോളം കുടുംബങ്ങളാണ് ഇത്തരത്തിൽ പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. ‘കെ റെയിൽ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുതെന്നാണ്’ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പദ്ധതി ബോധവൽക്കണരണത്തിന് എത്തിയ സിപിഎം നേതാക്കളെ നേരത്തെ പ്രദേശവാസികൾ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേൾക്കാൻ തയ്യാറല്ലെന്നും കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാർ പാർട്ടിക്കാരോട് പറഞ്ഞിരുന്നു.
വിശദീകരണ ലഘുലേഖകൾ പോലും വാങ്ങാൻ നാട്ടുകാർ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി നാട്ടുകാർ രംഗത്തെത്തിയത്. വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ഭാഗമാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടർ ഇതിനായി ഏറ്റെടുക്കേണ്ടി വരും. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതോടെ മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടപ്പെടും.
Most Read: മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ







































